തിയറ്ററുകളിലെ നികുതിവെട്ടിപ്പ്: ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശ കൗണ്‍സില്‍ യോഗം തള്ളി

നിലമ്പൂര്‍: നഗരസഭയിലെ തിയറ്ററുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ധനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി കൊണ്ടുവന്ന ശിപാര്‍ശ കൗണ്‍സില്‍ യോഗം തള്ളി. തിയറ്റര്‍ ഉടമകള്‍ നല്‍കിയ അപേക്ഷയിലാണ് വിഷയം ധനകാര്യ കമ്മിറ്റി ചര്‍ച്ചക്ക് വെച്ചത്. വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ നഗരസഭയിലെ മൂന്ന് തിയറ്ററുകളിലും കോടികളുടെ നികുതിവെട്ടിപ്പ് കണ്ടത്തെിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നികുതി കോമ്പൗണ്ട് ചെയ്ത് തരണമെന്നാവശ്യപ്പെട്ട് തിയറ്ററുടമകള്‍ നഗരസഭ സെക്രട്ടറിക്കും ചെയര്‍പേഴ്സനും കത്ത് നല്‍കിയിരുന്നു. രണ്ട് സ്ക്രീനുകളുള്ള ഫയറിലാന്‍ഡ് തിയറ്റര്‍ ഉടമ മാസംതോറും രണ്ടുലക്ഷം രൂപ വീതവും ജ്യോതി, രാജേശ്വരി തിയറ്റര്‍ ഉടമകള്‍ മാസം തോറും അരലക്ഷം രൂപയും നികുതിയിനത്തില്‍ നല്‍കാമെന്നായിരുന്നു അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഫയറിലാന്‍ഡ് തിയറ്റര്‍ രണ്ടേകാല്‍ ലക്ഷം രൂപ വീതവും മറ്റു തിയറ്ററുകള്‍ 60,000 രൂപവീതവും മാസംതോറും നല്‍ക്കണമെന്ന് ധനകാര്യ കമ്മിറ്റി തീരുമാനിക്കുകയും ഇത് ശിപാര്‍ശയായി കൗണ്‍സില്‍ യോഗത്തില്‍ വെക്കുകയുമാണ് ചെയ്തത്. സി.പി.ഐ കൗണ്‍സിലര്‍ പി.എം. ബഷീറാണ് ശിപാര്‍ശയെ ആദ്യം എതിര്‍ത്തത്. നിലവിലുള്ള 1962ലെ വിനോദ നികുതി ഈടാക്കണമെന്നും അങ്ങനെ വരുമ്പോള്‍ തന്നെ തിയറ്ററുകള്‍ മാസം തോറും അഞ്ചും നാലും ലക്ഷം രൂപവീതം നല്‍ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നികുതി ഈടാക്കണമെന്ന് സി.പി.എം കൗണ്‍സിലര്‍ എന്‍. വേലുക്കുട്ടിയും പറഞ്ഞു. ഭരണകക്ഷിയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബും ധനകാര്യകമ്മിറ്റിയുടെ ശിപാര്‍ശയെ പിന്തുണച്ചില്ല. നിയമം അനുശാസിക്കുന്ന നികുതി ഈടാക്കണമെന്നായിരുന്നു ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിപ്രയാപ്പെട്ടത്. ഇതോടെ ശിപാര്‍ശ തീരുമാനമാവാതെ മാറ്റിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.