ഞാറാക്കാട് കുടിവെള്ള പ്രശ്നം: കുടിവെള്ള പദ്ധതികള്‍ നടത്തേണ്ടത് ഗുണഭോക്തൃ സമിതികളെന്ന്

മങ്കട: 2009ലെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറ ഉത്തരവ് പ്രകാരം വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് കൈമാറി കിട്ടിയതടക്കമുള്ള എല്ലാ കുടിവെള്ള പദ്ധതികളും ഗുണഭോക്തൃ സമിതിയാണ് നടത്തിക്കൊണ്ടു പോകേണ്ടതെന്ന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. രമണി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഞാറക്കാട് കുടിവെള്ള പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിഷയം ഗ്രാമപഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്തിരുന്നു. ഞാറക്കാട് കുടിവെള്ളപദ്ധതി പ്രദേശത്ത് പഞ്ചായത്ത് അംഗം മാമ്പറ്റ ഉണ്ണിയുടെ സാന്നിധ്യത്തില്‍ ഗുണഭോക്താക്കളെ വിളിച്ചുചേര്‍ത്ത് യോഗം ചേര്‍ന്ന് ഗുണഭോക്തൃ സമിതി രൂപവത്കരിച്ച് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തതിരുന്നു. ഇതനുസരിച്ച് വൈദ്യുതി ചാര്‍ജ് അടക്കമുള്ള ചാര്‍ജുകള്‍ ഗുണഭോക്തൃ സമിതികളാണ് വഹിക്കേണ്ടത്. മങ്കട ഗ്രാമപഞ്ചായത്തിലെ ആലുംകുന്ന് കുടിവെള്ള പദ്ധതിയും ഞാറക്കാട് കുടിവെള്ള പദ്ധതിയുമൊഴിച്ചുള്ള എല്ലാ കുടിവെള്ള പദ്ധതികളും ഗുണഭോക്തൃ സമിതികളാണ് നടത്തുന്നത്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശരിയല്ളെന്നും കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് ഗുണഭോക്തൃ സമിതികളെ ഏല്‍പ്പിക്കണമെന്ന് മുന്‍ വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിച്ചതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പ്രസിഡന്‍റ് അറിയിച്ചു. അല്ലാത്ത പക്ഷം ഈ ഇനത്തില്‍ ചെലവാക്കിയ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനാണ് നിര്‍ദേശം. അതേസമയം, ഒരു കോടി രൂപ ചെലവില്‍ കോളനിയില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് പരാതിയുള്ളതിനാല്‍ പ്രസ്തുത പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അബ്ബാസലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.