തര്‍ക്കം മുറുകുന്നു: മമ്പുറത്ത് സംഘര്‍ഷാവസ്ഥ; പാലത്തിനടിയിലെ മതില്‍ പൊളിച്ചു

തിരൂരങ്ങാടി: തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിനോട് ചേര്‍ന്ന കെട്ടിട നിര്‍മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചെന്ന് ആരോപിച്ചതിനെ ചൊല്ലി സംഘര്‍ഷം. അഞ്ചുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. മഖാമിന്‍െറ മുറ്റത്തുകൂടിയുള്ള പൊതുവഴി തടസ്സപ്പെടുത്തി കെട്ടിടം നിര്‍മിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്‍െറ പരാതി. കടലുണ്ടിപ്പുഴയില്‍ പള്ളിക്കടവിലെ കുളിക്കടവില്‍നിന്ന് മമ്പുറം ജുമുഅത്ത് പള്ളി ഭാഗത്തേക്ക് നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന പൊതുവഴിയിലാണ് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ അക്കാദമി അധികൃതര്‍ കെട്ടിടം നിര്‍മിക്കുന്നതെന്നാണ് ഒരു പക്ഷത്തിന്‍െറ വാദം. വഴി തടസ്സപ്പെടുത്തി പൈലിങ് നടത്തുന്നത് കഴിഞ്ഞ ദിവസം ഒരുവിഭാഗം നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.പൊതുസ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍ നല്‍കിയ ഹരജിയില്‍ പരപ്പനങ്ങാടി മുന്‍സിഫ് കോടതിയില്‍ കേസും നിലവിലുണ്ട്. മമ്പുറത്തേക്ക് നിര്‍മിക്കുന്ന പാലത്തിന് അടിയിലൂടെയുള്ള വഴിയില്‍ ഉണ്ടായിരുന്ന മതില്‍ നാട്ടുകാര്‍ പൊളിച്ചുമാറ്റുകയും ചെയ്തു. നൂറ്റാണ്ടുകളായുള്ള പൊതുവഴി തടസ്സപ്പെടുത്തി കെട്ടിടം നിര്‍മിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടില്‍ ഒരു വിഭാഗം നാട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രവൃത്തി നിര്‍ത്തിവെച്ചു. മമ്പുറം മഖാം നവീകരണ പ്രവൃത്തികള്‍ തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്നാണ് മഖാം നടത്തിപ്പ് ചുമതലക്കാരായ ചെമ്മാട് ദാറുല്‍ ഹുദാ കമ്മിറ്റിയുടെ വാദം. വര്‍ധിച്ചുവരുന്ന തീര്‍ഥാടകര്‍ക്കായി സൗകര്യമൊരുക്കാന്‍ ഒരുമാസത്തോളമായി മഖാമില്‍ നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെയാണ് പരപ്പനങ്ങാടി കോടതിയെ സമീപിച്ചിട്ടുള്ളത്. ഒരാഴ്ചയായി ഒരു വിഭാഗമാളുകള്‍ പൈലിങ് പ്രവൃത്തികള്‍ തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും ഇത് ഇന്നലെയും തുടരുകയും മഖാമിലേക്ക് തീര്‍ഥാടകര്‍ക്കുള്ള വഴി തടസ്സപ്പെടുത്തുകയും ചെയ്തതായും ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ മഖാമിലത്തെിയവര്‍ ഇടപെടുകയായിരുന്നു. ഇത് അക്രമത്തില്‍ കലാശിക്കുകയാണുണ്ടായത്. ഇവര്‍ ദാറുല്‍ഹുദാ കമ്മിറ്റി ഭാരവാഹികളെ വാഹനം തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യാനും ശ്രമിച്ചു. മഖാമിന്‍െറ മുറ്റത്ത് കൂടി പൊതുവഴിയില്ളെന്നും ദാറുല്‍ഹുദാ കമ്മിറ്റിഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.