പൊന്നാനി ബിയ്യം കായല്‍ ജലോത്സവത്തിന് ഒരുക്കമായി

പൊന്നാനി: മലബാറിലെ ഏറ്റവും വലിയ ജലോത്സവമായ പൊന്നാനി ബിയ്യം കായല്‍ വള്ളംകളിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ബിയ്യം കായലില്‍ വള്ളംകളി മത്സരം നടക്കും. മേജര്‍, മൈനര്‍ എ, മൈനര്‍ ബി വിഭാഗങ്ങളിലായി ഇരുപതോളം വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. മുന്നോടിയായി ജലഘോഷയാത്രയും അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. വള്ളം കളി മത്സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയാകും. ഇത്തവണത്തെ ജലോത്സവം കൂടുതല്‍ ശ്രദ്ധേയമാക്കാനും തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനും വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ടൂറിസം വാരാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി, അഡീഷനല്‍ തഹസില്‍ദാര്‍ എം. സത്യന്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിപ്പിലെ അപാകതയെ തുടര്‍ന്ന് മത്സരം ഇടക്കുവെച്ച് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇത്തവണ മത്സരം കുറ്റമറ്റതാക്കാന്‍ ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് അടിയന്തര യോഗം വിളിച്ചിരുന്നു. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ഓണനാളിലെ ജലോത്സവം കാണാന്‍ എത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.