എടക്കര: സ്വന്തമായൊരു തുണ്ട് ഭൂമി പോലുമില്ലാത്ത തങ്കപ്പന്‍ പിള്ളക്ക് 76ാം വയസ്സിലും വിശ്രമമില്ല. പത്ത് വയസ്സുകാരനായ ചെറുമകന് ഒരു കിടപ്പാടമുണ്ടാക്കണം. തന്‍െറയും ഭാര്യയുടെയും കാലശേഷം അവന്‍െറ ജീവിതം ഭാസുരമാകണം. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അമ്പിട്ടാംപൊട്ടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ വൃദ്ധ ദമ്പതികളുടെയും ചിന്ത ഇതുമാത്രമാണ്. തങ്കപ്പന്‍ പിള്ളയുടെ മകളുടെ മകനാണ് പത്തുവയസ്സുകാരനായ അഭിനവ് രജീഷ്. ഒന്നര വയസ്സുള്ളപ്പോള്‍ പിതാവ് ചുങ്കത്തറ പിലാക്കുന്നില്‍ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ഏഴ് വര്‍ഷം മുമ്പ് മാതാവ് മറ്റൊരു ആളുമായി വിവാഹം കഴിച്ചുപോയി. ഇതോടെ അഭിനവിന്‍െറ സംരക്ഷണം തങ്കപ്പന്‍ പിള്ളയുടെയുടെയും ഭാര്യ തങ്കമണിയുടെയും ചുമലിലായി. പള്ളിക്കുത്ത് കോളനിയോട് ചേര്‍ന്നുണ്ടായിരുന്ന അഞ്ച് സെന്‍റ് ഭൂമിയും ചെറിയ വീടും വിറ്റ് വഴിക്കടവ് വെട്ടുകത്തിക്കോട്ടയിലായിരുന്നു ഇവര്‍ നേരത്തേ താമസിച്ചിരുന്നത്. അഭിനവിന്‍െറ അച്ഛന്‍ അപകടത്തില്‍ മരിച്ചതിന്‍െറ പേരില്‍ മകള്‍ക്കും ചെറുമകനും ലഭിച്ച നഷ്ടപരിഹാര തുകയും പള്ളിക്കുത്തിലെ വീട് വിറ്റ പണവും ഉപയോഗിച്ചായിരുന്നു വെട്ടുകത്തിക്കോട്ടയില്‍ ഇവര്‍ സ്ഥലവും വീടും വാങ്ങിയിരുന്നത്. എന്നാല്‍, ഇതിനിടെ മകള്‍ മറ്റൊരാളുമായി കുടുംബജീവിതം ആരംഭിച്ചതോടെ തന്‍െറ വിഹിതം ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ അവിടെയുള്ള സ്ഥലവും വീടും വില്‍ക്കേണ്ടിവന്നു. മകള്‍ക്ക് കൊടുത്ത പണത്തിന്‍െറ ബാക്കി ഉപയോഗിച്ച് അമ്പിട്ടാംപൊട്ടിയില്‍ അഭിനവിന്‍െറ പേരില്‍ വീടുവെക്കാന്‍ ആറര സെന്‍റ് സ്ഥലം വാങ്ങി. ഷെഡ് കെട്ടി താമസിക്കാനുള്ള ഒരുക്കത്തില്‍ ഷെഡ് തകരുകയും ചെയ്തു. തുടര്‍ന്ന് ഇതിനോട് ചേര്‍ന്നുള്ള വീട് വാടകക്കെടുത്ത് ഇവര്‍ താമസമാക്കി. രോഗിയായ തങ്കപ്പന്‍ പിള്ളക്ക് ജോലിയെടുക്കാന്‍ പറ്റാതായതോടെ ഭാര്യ തങ്കമണിയാണ് നിത്യചെലവിന് വക കണ്ടത്തെുന്നത്. അഭിനവിന്‍െറ പഠനത്തിനും ഭര്‍ത്താവിന്‍െറയും തന്‍െറയും മരുന്നിനും പണം കണ്ടത്തെുന്നത് ഇവര്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇതിനിടയിലാണ് അഭിനവിന് സ്വന്തമായൊരു വീട് നിര്‍മിച്ചെടുക്കാന്‍ തങ്കപ്പന്‍ പിള്ള ശ്രമം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.