നിയമപോരാട്ടത്തിന് ശുഭപര്യവസാനം: മുക്കിലപ്പീടിക കുടിവെള്ള പദ്ധതി സമര്‍പ്പണം ഇന്ന്

ആതവനാട്: പമ്പ് ഹൗസിലേക്ക് വൈദ്യുതി കണക്ഷന്‍ വലിക്കുന്നതിനെ ചൊല്ലി വിവാദത്തിലകപ്പെട്ട ആതവനാട് കുറുമ്പത്തൂര്‍ വാര്‍ഡിലെ മുക്കിലപ്പീടിക കുടിവെള്ള പദ്ധതി തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. കുറ്റിപ്പുറം ബ്ളോക് പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവില്‍ 2013-14ല്‍ തുടക്കമിട്ട പദ്ധതിയാണ് ഉദ്ഘാടത്തിനൊരുങ്ങിയത്. പദ്ധതിക്ക് കിണര്‍ സ്ഥാപിക്കാനുള്ള ഭൂമി കാഞ്ഞീരി തോടിന് സമീപം ചെറിയാംപുറത്ത് കൃഷ്ണന്‍കുട്ടിയും ജലസംഭരണിക്കുള്ള ഭൂമി ചെറിയാംപുറത്ത് സലാമും സൗജന്യമായാണ് നല്‍കിയത്. പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിനിടെയായിരുന്നു പമ്പ് ഹൗസിലേക്കുള്ള വൈദ്യുതിലൈന്‍ വലിക്കല്‍ നിയമക്കുരുക്കിലകപ്പെട്ടത്. ഇതോടെ കഴിഞ്ഞ വേനലില്‍ യാഥാര്‍ഥ്യമാകേണ്ടിയിരുന്ന പദ്ധതി അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് നിയമപോരാട്ടം ഹൈകോടതി വരെ നീണ്ടു. വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി രംഗത്തത്തെിയതാണ് പദ്ധതിക്ക് വിനയായത്. ഇയാളുടെ ഹരജി ഹൈകോടതി തള്ളിയതോടെ കണക്ഷന്‍ വലിച്ച് ഉദ്ഘാടന സജ്ജമാക്കുകയായിരുന്നു. പ്രദേശത്തെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ വഴി വെള്ളം ലഭിക്കും. 5000 ലിറ്റര്‍ ശേഷിയുള്ള ജല സംഭരണിയാണ് സ്ഥാപിച്ചത്. മുക്കിലപ്പീടിക മദ്റസാ പരിസരത്ത് പൊതുടാപ്പും സ്ഥാപിച്ചു. പദ്ധതിയുടെ സമര്‍പ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. വൈകാതെ ജലവിതരണം ആരംഭിക്കുമെന്ന് വാര്‍ഡ് അംഗം അനിതാ നായര്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് മുക്കിലപ്പീടികയില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.