നീറാട് ബസപകടം: ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കൊണ്ടോട്ടി: ഇറക്കത്തില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ഒരാള്‍ മരിച്ച സംഭവം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 27ന് രാവിലെയാണ് കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡില്‍ നീറാട് ഇറക്കത്തില്‍ മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിന്‍െറ ബസ് അപകടത്തില്‍പ്പെടുന്നത്. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ ബസ് ഒരു ഓട്ടോയിലും രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതിന് ശേഷം സമീപത്തെ പറമ്പിലാണ് നിന്നത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് മുസ്തഫ (51) മരിച്ചിരുന്നു. ബുധനാഴ്ചയാണ് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ സജിയുടെ നേതൃത്വത്തില്‍ വാഹനം പരിശോധിച്ചത്. ബസിന് തകരാര്‍ ഒന്നുമില്ളെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ബസിന് ബ്രേക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങളും ഓട്ടോയും തകര്‍ന്നിരുന്നു. അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നീറാട് അങ്ങാടിയില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും അപകടം കുറക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രണ്ട് ഭാഗത്ത് നിന്നുമുള്ള വന്‍ ഇറക്കം ഇറങ്ങിയതിന് ശേഷമാണ് നീറാട് അങ്ങാടി. അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നേരത്തേ ഇവിടെ ഹമ്പ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ചീക്കോട് കുടിവെള്ള പദ്ധതിക്കായി ഒരുഭാഗം റോഡ് വെട്ടിപ്പൊളിച്ചതും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.