ബംഗ്ളാദേശ് യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ക്ക് തടവും പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ബംഗ്ളാദേശ് പെണ്‍കുട്ടികളെ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപ്രതികള്‍ക്ക് തടവും പിഴയും. കല്‍പറ്റ മുട്ടില്‍ പുതിയപുരയില്‍ സുഹൈല്‍ തങ്ങള്‍ (35), കോഴിക്കോട് നരിക്കുനി ചാലില്‍ മോഹനന്‍ (57) എന്നിവര്‍ക്ക് ഏഴുവര്‍ഷം വീതം കഠിനതടവും 24,000 രൂപ വീതം പിഴയും ഒന്നാംപ്രതി ചെറുവണ്ണൂര്‍ കോരസം വീട്ടില്‍ റഹീമിന് (35) മൂന്നുവര്‍ഷം കഠിനതടവും 3,000 രൂപ പിഴയുമാണ് ശിക്ഷ. മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്.നാലു വകുപ്പുകളിലായി ഏഴു വര്‍ഷം വീതമാണ് ശിക്ഷയെങ്കിലും ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇവരുടെ പേരില്‍ പീഡനശ്രമം, അനാശാസ്യത്തിന് പ്രേരിപ്പിക്കല്‍, വ്യഭിചാരം ചെയ്യിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. കേസില്‍ ഏഴുപേരെയാണ് പ്രതിചേര്‍ത്തതെങ്കിലും നാലു പ്രതികളുടെ പേരില്‍ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല. പബ്ളിക് പ്രോസിക്യൂട്ടര്‍ ജയ്സണ്‍ തോമസാണ് കേസില്‍ പരാതിക്കാര്‍ക്കുവേണ്ടി ഹാജരായത്. 2009 ജൂലൈ ഒന്നിനാണ് പെണ്‍കുട്ടികളെ സംഘം ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് തട്ടിക്കൊണ്ടുവന്നത്. ബംഗ്ളാദേശില്‍നിന്ന് ജോലി തേടി മുംബൈയിലും പിന്നീട് ബംഗളൂരുവിലുമത്തെിയ 16ഉം 17ഉം വയസ്സുള്ള പെണ്‍കുട്ടികളെ പ്രതികള്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു. കോഴിക്കോട്ട് ഫ്ളാറ്റില്‍ താമസിപ്പിച്ച പെണ്‍കുട്ടികള്‍ ഒരുമാസത്തിലേറെ പ്രതികളോടൊപ്പമുണ്ടായിരുന്നു. എടപ്പാളില്‍ കൊണ്ടുപോയി കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പൊലീസ് പിടിയിലായത്. പൊന്നാനി സി.ഐ കെ. സുദര്‍ശനനായിരുന്നു കേസ് അന്വേഷിച്ചത്. വീട്ടില്‍നിന്ന് പിണങ്ങി ജോലി തേടി മുംബൈയില്‍ എത്തിയതാണ് പെണ്‍കുട്ടികള്‍. ഇവര്‍ മുംബൈയില്‍ ഒരു സ്ത്രീയുടെ പക്കലായിരുന്നു. ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയ ശേഷം ബംഗളൂരുവിലേക്ക് കൈമാറുകയായിരുന്നു. മറ്റ് ഇടനിലക്കാരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഒന്നാം പ്രതി റഹീമിന് കോടതി ജാമ്യം അനുവദിച്ചു. എടപ്പാള്‍ കാലടി അനീഷ്, ഓമശേരി പനങ്ങാടന്‍ സ്വാലിഹ്, കാലടി ചോഴിവളപ്പില്‍ സുബ്രഹ്മണ്യന്‍, മുന്നിയൂര്‍ ഇളംപറമ്പില്‍ സെയ്തലവി എന്നീ പ്രതികളെയാണ് തെളിവില്ലാത്തതിന്‍െറ പേരില്‍ കോടതി വിട്ടയച്ചത്. ഇവര്‍ക്കായി അഭിഭാഷകരായ കെ.ആര്‍. ഷൈന്‍, ആശാഷൈന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.