മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

എടവണ്ണ: ഫില്‍റ്റര്‍ മണല്‍ നിര്‍മാണത്തിനായി മണ്ണ് ഖനനം നടത്തുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ മണ്ണിടിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കര്‍ണാടകയിലെ ബീജാപൂര്‍ ബഗല്‍കോട്ട സ്വദേശി നാഗേഷാണ് (24) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ കൊളപ്പാടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണ് ഖനനം ചെയ്യുന്നതിനിടെ മുകളിലെ മണ്‍തിട്ട മണ്ണുമാന്തിയന്ത്രത്തിന് മുകളില്‍ വീഴുകയായിരുന്നു. ഈ സമയം സമീപത്ത് ആരുമില്ലായിരുന്നു. സഹായി അശോക് ഡീസലുമായി തിരിച്ചത്തെിയപ്പോയാണ് അപകടവിവരം അറിയുന്നത്. 25 അടിയോളം ഉയരത്തില്‍നിന്നാണ് മണ്ണും കല്ലുകളും യന്ത്രത്തിന് മുകളില്‍ പതിച്ചത്. വാഹനത്തിനകത്ത് കുടുങ്ങിയ നാഗേഷിന്‍െറ മൃതദേഹം രണ്ട് മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ 3.10ഓടെയാണ് പുറത്തെടുക്കാനായത്. നാട്ടുകാര്‍, ട്രോമാകെയര്‍ യൂനിറ്റ് പ്രവര്‍ത്തകര്‍, എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സ്, മലപ്പുറം, തിരുവാലി ഫയര്‍ഫോഴ്സ് യൂനിറ്റ്, എടവണ്ണ ഗ്രേഡ് എസ്.ഐമാരായ അസൈന്‍, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏറനാട് താസില്‍ദാര്‍ പി. സുരേഷ് സ്ഥലം സന്ദര്‍ശിച്ചു. അനുമതിയില്ലാതെയാണ് മണ്ണെടുപ്പ് നടന്നിരുന്നത്. മരിച്ച നാഗേഷ് അവിവാഹിതനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.