മഞ്ചേരിയില്‍ മൂന്നക്ക ലോട്ടറി ചൂതാട്ടം വ്യാപകം

മഞ്ചേരി: ലോട്ടറി ടിക്കറ്റ് വില്‍പനശാലകളില്‍ മൂന്നക്ക ലോട്ടറിചൂതാട്ടം വ്യാപകം. മഞ്ചേരിയില്‍ ലോട്ടറി ടിക്കറ്റ് വില്‍പനയുടെ മറവിലാണ് അനധികൃത ചൂതാട്ടം നടക്കുന്നത്. താല്‍പര്യമുള്ള മൂന്നക്കങ്ങള്‍ എഴുതി നല്‍കിയാല്‍ അതേ അക്കങ്ങളില്‍ എത്ര ടിക്കറ്റ് വേണമെങ്കിലും നല്‍കും. കേരള ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം അടിച്ച നമ്പറിന്‍െറ അവസാനം ഈ മൂന്നക്കങ്ങള്‍ ഉണ്ടെങ്കില്‍ 5000 രൂപ സമ്മാനം നല്‍കും. 10 രൂപയാണ് ടിക്കറ്റൊന്നിന്. പത്തും അമ്പതും ടിക്കറ്റുകള്‍ ഒരുമിച്ചാണ് മിക്കവരും വാങ്ങുക. ഇഷ്ടമുള്ള ഭാഗ്യനമ്പര്‍ പറഞ്ഞുകൊടുത്ത് അതേ നമ്പറിലുള്ള എത്ര ടിക്കറ്റ് വേണമെങ്കിലും നല്‍കും. എഴുതിക്കുക എന്നാണിതിന് പറയുക. ഒരേ നമ്പറില്‍ എത്ര ടിക്കറ്റും നല്‍കുമെന്നതിനാല്‍ മഞ്ചേരിയിലെ മിക്ക ലോട്ടറികടകളിലും ചൂതാട്ടം പൊടിപൊടിക്കുകയാണ്. പൊതുജന പരാതികളുയര്‍ന്നിട്ടും പൊലീസ് ഇതുവരെ പരിശോധനക്കോ നടപടിക്കോ മുതിര്‍ന്നിട്ടില്ല. ഒറ്റപ്പെട്ട കേസുകള്‍ പൊലീസിന്‍െറ മുന്നില്‍ എത്തിയതോടെ ഏതെല്ലാം കേന്ദ്രങ്ങളില്‍ അനധികൃത ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുമുണ്ട്. ഉച്ചക്ക് ശേഷം 3.30നാണ് കേരള ഭാഗ്യക്കുറിയുടെ പ്രതിദിന ഫലം വരിക. ഉച്ചക്ക് രണ്ടുവരെ ടിക്കറ്റ് എഴുത്തിന്‍െറ തിരക്കാണ്. പുതുതായി തുറന്ന ലോട്ടറി ഏജന്‍സി കടകളില്‍ ഇപ്പോള്‍ സാധാരണയുള്ള ടിക്കറ്റ് വില്‍പന പേരിന് മാത്രമേയുള്ളൂ. ടിക്കറ്റ് വില്‍പനയുടെ മറവിലാണ് ചൂതാട്ടം. 500 രൂപക്ക് ഒരേസമയം 50 ടിക്കറ്റുകള്‍ വരെ എഴുതിവാങ്ങുന്ന ചില കൂലിപ്പണിക്കാരുണ്ട്. ടിക്കറ്റ് വാങ്ങി ഒന്നര മണിക്കൂറിനുള്ളില്‍ ഫലമറിയാനുമാവും. നേരത്തേ ഒറ്റയക്ക നമ്പര്‍ ലോട്ടറിയുണ്ടായിരുന്നത് ഇല്ലാതായതോടെയാണ് സമ്മാനം നേടുന്ന നമ്പര്‍ ആദ്യം പ്രവചിച്ചുള്ള ചൂതാട്ടകേന്ദ്രങ്ങള്‍ കൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.