പന്താവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അനിശ്ചിതത്വത്തില്‍

ചങ്ങരംകുളം: പന്താവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വീണ്ടും അനിശ്ചിതത്വത്തില്‍. ജലക്ഷാമം രൂക്ഷമാകുമ്പോഴും പമ്പിങ് തുടങ്ങാത്തതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. കാലവര്‍ഷം തീരാറായാല്‍ ചിറയില്‍ മണ്ണിട്ട് വെള്ളം പമ്പ് ചെയ്യുന്നതോടെ ഏറെ സ്ഥലങ്ങളില്‍ കൃഷി ചെയ്യാനും കുടിവെള്ളത്തിനും സഹായകമായിരുന്ന പദ്ധതിയാണ് മുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷമാണ് പ്രവൃത്തി തുടങ്ങിയത്. കോടികള്‍ മുടക്കിയ പദ്ധതി വര്‍ഷങ്ങളായി മുടങ്ങിക്കിടന്നതിനാല്‍ കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പമ്പിങ് ആരംഭിച്ചത്. രണ്ടര കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതിന്‍െറ പ്രവര്‍ത്തനത്തിനായി ആലങ്കോട് ഗ്രാമപഞ്ചായത്ത് രണ്ടരലക്ഷം രൂപയും നല്‍കിയിരുന്നു.ഈ വര്‍ഷം ഇതുവരെയും പമ്പിങ് തുടങ്ങാത്തത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്. വെള്ളം കെട്ടിനിര്‍ത്തി ആവശ്യാനുസരണം തുറന്നു വിടാനുള്ള ഷട്ടര്‍ സംവിധാനമില്ലാത്തത് പദ്ധതിയുടെ പോരായ്മയാണ്. വര്‍ഷം തോറും ചിറയില്‍ മണ്ണിട്ട് വെള്ളം കെട്ടിനിര്‍ത്താന്‍ ചെറുകിട ജലസേചന വകുപ്പിന്‍െറ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് യഥാസമയം ലഭിക്കാത്തതും തടസ്സമാകുന്നു. പമ്പിങ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ കര്‍ഷകരും സാമൂഹിക പ്രവര്‍ത്തകരും ജനകീയ സമരത്തിനൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.