കസ്റ്റഡി വാഹനങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കുറ്റിപ്പുറം: കസ്റ്റഡി വാഹനങ്ങള്‍ ലേലം ചെയ്യുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ്. കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഡംബിങ് യാര്‍ഡുകളിലും പിടിച്ചിട്ട കസ്റ്റഡി വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. കുറ്റിപ്പുറം സ്വദേശി ഫിറോസ് ഖാന്‍ ജില്ലാ കലക്ടര്‍, എം.എല്‍.എ, മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കോട്ടക്കല്‍ എം.എല്‍.എ പരാതി പരിശോധിച്ച് വിശദമായ കണക്കുകളോടെയാണ് നിയമസഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ ആകെ വാഹനങ്ങളില്‍ പകുതിയും മലപ്പുറം ജില്ലയിലാണെന്നും ഇതില്‍തന്നെ സിംഹഭാഗവും കുറ്റിപ്പുറം സ്റ്റേഷനിലുമാണുള്ളത്. പൊലീസ്, എക്സൈസ്, റവന്യൂ തുടങ്ങിയ വിഭാഗങ്ങള്‍ വിവിധ കേസുകളില്‍ പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഡംബിങ് യാര്‍ഡുകളിലും സൂക്ഷിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും മറ്റുമുള്ള കസ്റ്റഡി വാഹനങ്ങളെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയും കണക്കുകളും ചൂണ്ടിക്കാണിച്ചാണ് എം.എല്‍.എ നിയമ സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. മലപ്പുറം ജില്ലാ കല്കടറായിരുന്ന ബിജു ഉത്തരവിട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ച വിലപ്രകാരം നിരവധി വാഹനങ്ങള്‍ റവന്യൂ വകുപ്പ് ലേലം ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ മണല്‍ മാഫിയ സംഘങ്ങള്‍ ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. അതോടെ ലേലം ചെയ്യല്‍ നിലച്ചു. ദേശീയപാതയോരത്ത് വാഹനങ്ങള്‍ സഞ്ചാര സ്വതന്ത്രത്തിന് തടസ്സമാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ വാഹനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മാറ്റാന്‍ ഹൈകോടതി ഉത്തരവിട്ടതോടെ റോഡരികിലെ വാഹനങ്ങളും പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.