കോട്ടപ്പടി സ്കൂള്‍ ബസ് അപകടം: ഇന്‍ഷുറന്‍സ് ഉറപ്പാക്കും –വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബസപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി’ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ചാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ഇതുസംബന്ധിച്ച് ‘മാധ്യമം’ ബുധനാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്ന സെപ്റ്റംബര്‍ 30ന് തന്നെയാണ് അപകടം നടന്നത്. വിഷയത്തിലെ സാങ്കേതികത്വം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്‍ഷുറന്‍സ് ആനുകൂല്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാകും സാമ്പത്തിക സഹായം ലഭ്യമാക്കുക. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മന്ത്രിസഭാ യോഗം സഹായം അനുവദിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ചികിത്സക്ക് ഭീമമായ തുകയാണ് ആവശ്യമായി വന്നത്. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരുടെ ചികിത്സാ ആവശ്യാര്‍ഥം സ്കൂളിന്‍െറ നേതൃത്വത്തില്‍ ചികിത്സാഫണ്ടിന് രൂപം കൊടുത്തിട്ടുണ്ട്. ചികിത്സാഫണ്ടിലേക്ക് 6.25 ലക്ഷം രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതില്‍ മൂന്ന് ലക്ഷം സ്കൂളിലെ അധ്യാപകര്‍ നല്‍കിയതാണ്. ജിദ്ദ, റിയാദ്, ദുബൈ കെ.എം.സി.സികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റസ് അസോസിയേഷന്‍, എ.കെ.സി.ഡി.എ, മലപ്പുറം ഗവ. വനിതാ കോളജ് വിദ്യാര്‍ഥിനികള്‍, എച്ച്.എം. ഫോറം, വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സംഭാവനകളും ഇതില്‍പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.