ഓപണ്‍ സ്കൂള്‍ : അലോട്ട്മെന്‍റ് പൂര്‍ത്തിയായിട്ടും അപേക്ഷകള്‍ തിരിച്ചത്തെിക്കാന്‍ നടപടിയില്ല

മലപ്പുറം: ഓപണ്‍ സ്കൂള്‍ മലബാര്‍ മേഖലാ ഓഫിസില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ 25,813 അപേക്ഷകളില്‍ അലോട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയായി. അലോട്ട്മെന്‍റ് പൂര്‍ത്തിയായാല്‍ അപേക്ഷകള്‍ തിരിച്ച് മലപ്പുറത്ത് എത്തിക്കാമെന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഓപണ്‍ സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എം.എം. ഖലീല്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അലോട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവ തിരിച്ചത്തെിക്കാന്‍ നടപടിയില്ല. ഒക്ടോബര്‍ എട്ടിനാണ് മലപ്പുറം മേഖലാ ഓഫിസിലെ കമ്പ്യൂട്ടര്‍ തകരാറിലാണെന്ന കാരണം പറഞ്ഞ് മലപ്പുറം ജില്ലയില്‍നിന്നുള്ള മുഴുവന്‍ അപേക്ഷകളും തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇതിനെതിരെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ചര്‍ച്ചക്ക് തയാറാവുകയായിരുന്നു. 25,813 അപേക്ഷകളില്‍ അലോട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയായ 6000 അപേക്ഷകള്‍ കൊണ്ടുപോകില്ളെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ചര്‍ച്ച കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇത് ലംഘിക്കപ്പെട്ടു. മലപ്പുറത്തെ മേഖലാ കേന്ദ്രം പൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍ എന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ് ദുരൂഹമായ ഈ നീക്കങ്ങള്‍. മലപ്പുറം മേഖലാ ഓഫിസിലെ 13 കമ്പ്യൂട്ടറുകളില്‍ എട്ടും തകരാറിലായതിനാല്‍ അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകുന്നു എന്ന കാരണം പറഞ്ഞാണ് രേഖകള്‍ തിരുവനന്തപുരം ഓഫിസിലേക്ക് മാറ്റാന്‍ ഓപണ്‍ സ്കൂള്‍ ഉത്തരവിറക്കിയത്. മിനിറ്റുകള്‍കൊണ്ട് പരിഹരിക്കാവുന്ന നിസ്സാര പ്രശ്നങ്ങളേ മിക്കവാറും കമ്പ്യൂട്ടറുകള്‍ക്കുള്ളൂ. ഇത് പരിഹരിക്കുന്നതിന് പകരം ആയിരങ്ങള്‍ ചെലവഴിച്ച് വാഹനം ഏര്‍പ്പെടുത്തി അപേക്ഷകള്‍ തിരുവനന്തപുരത്ത് എത്തിക്കുകയാണ് ചെയ്തത്. ഈ കമ്പ്യൂട്ടറുകള്‍ ഇപ്പോഴും ഓഫിസ് മൂലയില്‍ കിടക്കുകയാണ്. അപേക്ഷകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത് വിദ്യാര്‍ഥികള്‍ക്ക് ചെറുതല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട്. സമര്‍പ്പിച്ച അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാല്‍ ചില വിദ്യാര്‍ഥികള്‍ക്ക് തിരുത്തലിന് മെമ്മോ ലഭിക്കുന്നുണ്ട്. ഇവര്‍ രേഖകള്‍ മേഖലാ ഓഫിസില്‍ നല്‍കണം. ശേഷം അപേക്ഷകള്‍ തിരുവനന്തപുരത്തേക്ക് അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തേ മേഖലാ കേന്ദ്രത്തില്‍നിന്നുതന്നെ മിനിറ്റുകള്‍ക്കകം പരിഹരിക്കാന്‍ കഴിയുമായിരുന്ന ഈ പ്രശ്നത്തിന് ദിവസങ്ങള്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു വിദ്യാര്‍ഥികള്‍. അപേക്ഷക്കൊപ്പം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത് ഒറിജിനല്‍ ടി.സിയാണ്. റെഗുലര്‍ സ്കൂളുകളില്‍ പ്രവേശം ലഭിക്കുന്നതുകൊണ്ടോ മറ്റോ ഒറിജിനല്‍ ടി.സി ആവശ്യമായി വന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി തിരുവനന്തപുരം വരെ പോകേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.