കോട്ടപ്പടി സ്കൂള്‍ ബസ് അപകടം: ഇന്‍ഷുറന്‍സ് ആനുകൂല്യം സംബന്ധിച്ച് അനിശ്ചിതത്വം

മലപ്പുറം: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസ് അപകടത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്‍െറ ‘സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി’ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്ന സെപ്റ്റംബര്‍ 30നാണ് അപകടം നടന്നത്. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേനയുണ്ടായിരുന്ന നിലവിലെ പദ്ധതി റദ്ദാക്കിയും പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന പുതിയ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചുമാണ് അന്ന് ഉത്തരവിറങ്ങിയത്. 2013 മുതല്‍ നടപ്പാക്കിയ പദ്ധതി പ്രകാരം അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചാല്‍ കുടുംബത്തിന് 50,000 രൂപയും ഗുരുതര പരിക്കിന് 10,000 രൂപയുമാണ് നല്‍കാന്‍ തീരുമാനമായത്. എന്നാല്‍, ഇതുപ്രകാരം ഒരു ക്ളെയിം പോലും തീര്‍പ്പാക്കാന്‍ സാധിച്ചില്ല. ഇതെതുടര്‍ന്നാണ് പദ്ധതി പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 30നുതന്നെ പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതുപ്രകാരം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും. എന്നാല്‍, ഉത്തരവില്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്ന ദിവസം പറയുന്നില്ല. പഴയ പദ്ധതി നിര്‍ത്താന്‍ തീരുമാനിച്ചതും പുതിയ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതുമാണ് ഉത്തരവിന്‍െറ ഉള്ളടക്കം. ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സ്കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട ബസ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിലേക്ക് പാഞ്ഞുകയറി ഒരു വിദ്യാര്‍ഥിനി മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പത്ത് രക്ഷിതാക്കളുമുണ്ട്. കാലിന് ഗുരുതര പരിക്കേറ്റ് രണ്ട് രക്ഷിതാക്കള്‍ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് വിദ്യാര്‍ഥിനികള്‍ പരിക്ക് കാരണം വിശ്രമത്തിലുമാണ്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം പരിക്കേറ്റവര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ അനിവാര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.