ചോക്കാട് പഞ്ചായത്ത് അവിശ്വാസ വോട്ടെടുപ്പ് നടന്നത് വന്‍ സുരക്ഷാ വലയത്തില്‍

കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ സി.പി.എം കാരിയായ പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസും ലീഗും കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നത് വന്‍ സുരക്ഷാ വലയത്തില്‍. എടക്കര സി.ഐ സന്തോഷ് കുമാറിന്‍െറ നേതൃത്വത്തില്‍ കാളികാവ്, പൂക്കോട്ടുംപാടം, വണ്ടൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സി.ആര്‍.പി.എഫും അടക്കം വന്‍ പൊലീസ് സന്നാഹത്തിന്‍െറ സുരക്ഷയോടെയാണ് ബുധനാഴ്ച പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടന്നത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ വോട്ടെടുപ്പ് തടയുമെന്ന് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം സി.പി.എം നേരത്തേ തള്ളിക്കളഞ്ഞിരുന്നു. 2000ത്തില്‍ പഞ്ചായത്ത് നിലവില്‍വന്ന കാലത്തെ ആദ്യ ഭരണസമിതിക്കെതിരെ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഏറെ സംഘര്‍ഷ ഭരിതമായിരുന്നു. അംഗങ്ങളെ തട്ടിക്കൊണ്ട് പോയതായി വരെ പരാതി ഉയര്‍ന്നു. 2010ല്‍ അധികാരത്തില്‍ വന്ന ഭരണ സമിതിയുടെ കാലഘട്ടത്തിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പ് സമയത്ത് ഒരുപഞ്ചായത്ത് അംഗം അപ്രത്യക്ഷമായത് ഏറെ വിവാദം സൃഷടിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ചോക്കാട്ട് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. പ്രസിഡന്‍റ് ഷാഹിനയെ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് വോട്ടെടുപ്പില്‍ പുറത്താക്കിയിട്ടും ആരവങ്ങളോ പരസ്പരമുള്ള പോര്‍വിളികളോ ആഹ്ളാദ പ്രകടനങ്ങളോ ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.