പെരിന്തല്‍മണ്ണ: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്കും വാസയോഗ്യമായ വീടില്ലാത്തവര്‍ക്കും ഭവന പുനരധിവാസത്തിന് പെരിന്തല്‍മണ്ണ നഗരസഭ ബൃഹദ് പദ്ധതി തയാറാക്കുന്നു. തലചായ്ക്കാന്‍ ഇടമില്ലാത്ത 520 കുടുംബങ്ങളും വാസയോഗ്യമായ വീടില്ലാത്ത 906 കുടുംബങ്ങളുമുണ്ടെന്നാണ് കഴിഞ്ഞ ദിവസം കൗണ്‍സിലര്‍മാര്‍ മുഖേന നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്. ഇതോടൊപ്പം പട്ടികജാതി കോളനികളിലെ വീടുകളും പനരുദ്ധരിക്കാനും നടപടി ആരംഭിച്ചു. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിനൊപ്പം വീടും സ്ഥലവുമില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാനാണ് പരിപാടി. വീടുകളുടെ അവസ്ഥയറിയാന്‍ ചെയര്‍മാന്‍ അടക്കമുള്ള കൗണ്‍സിലര്‍മാര്‍ നേരിട്ട് വാര്‍ഡ് തോറും കയറിയിറങ്ങിയിരുന്നു. 16ാം വാര്‍ഡില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ തയ്യില്‍ മുഹമ്മദ്, ഭാര്യ ജമീല, ആറാം ക്ളാസുകാരി മകള്‍ ഹിബ ഷെറിന്‍ എന്നിവര്‍ പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒറ്റമുറി വീട്ടില്‍ കഴിയുന്നത് സംഘം നേരിട്ട് മനസ്സിലാക്കി. മൂന്ന് വര്‍ഷമായി ഇതേ അവസ്ഥയിലാണ് കുടുംബം കഴിയുന്നത്. 15ാം വര്‍ഡില്‍ കിളിയംപറമ്പില്‍ നഫീസ, 22ാം വര്‍ഡില്‍ പുതുപ്പറമ്പില്‍ തോമസ് എന്നിവരുടെ കുടുംബങ്ങളുടേതും സമാന അവസ്ഥയിലാണ്. നഗരസഭ രണ്ടര ലക്ഷം രൂപ മുടക്കുകയും സന്നദ്ധ സംഘടനകളില്‍നിന്ന് ബാക്കി തുക കൂടി സ്വരൂപിച്ച് യോഗ്യമായ വീട് നിര്‍മിക്കുകയുമാണ് പദ്ധതി. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, വൈസ് ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ്, പി.ടി. ശോഭന, കെ.സി. മൊയ്തീന്‍കുട്ടി, അംബിക മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ന്നുവീഴാറായ വീടുകള്‍ സന്ദര്‍ശിച്ച് നടപ്പാക്കുന്ന ഭവന പുനരധിവാസ പദ്ധതികളെകുറിച്ച് കുടുംബങ്ങളെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.