വേങ്ങര കോളജിലെ സംഘര്‍ഷം : പഞ്ചായത്തംഗമടക്കം എഴുപതോളം പേര്‍ക്കെതിരെ കേസ്

വേങ്ങര: മലബാര്‍ എയ്ഡഡ് കോളജില്‍ തെരഞ്ഞെടുപ്പ് പത്രികാ സ്വീകരണവുമായി ബന്ധപ്പെട്ട തര്‍ക്കം കോളജിന് പുറത്ത് സംഘര്‍ഷത്തിന് കാരണമായി. പരിക്കേറ്റ ഒമ്പത് പേരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ എം.എസ്.എഫ്-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തും തള്ളുമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. രാഷ്ട്രീയ സംഘടനകള്‍ പ്രശ്നം ഏറ്റെടുത്ത് പരസ്പരം ഏറ്റുമുട്ടിയതിനിടെയാണ് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം നല്‍കിയ പരാതിയില്‍ വേങ്ങര ഗ്രാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കാങ്കടക്കടവന്‍ മന്‍സൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയും മുസ്ലിംലീഗ് നല്‍കിയ പരാതിയില്‍ എന്‍.കെ. സുബ്രമഹ്ണ്യന്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെയും വേങ്ങര പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ 302, 307 വകുപ്പുകള്‍ പ്രകാരം വധശ്രമം, സ്ഥാപനത്തിനെതിരെ കൈയേറ്റം എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികളുടെ പത്രിക കോളജ് അധികൃതര്‍ തള്ളിയിരുന്നു. സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താവൂ എന്ന വരണാധികാരിയുടെ നിര്‍ദേശം തള്ളി രണ്ടുദിവസം മുമ്പുതന്നെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങിയതായി എതിര്‍വിഭാഗം കുറ്റപ്പെടുത്തുന്നു. വരണാധികാരിയുടെ നിര്‍ദേശം ലംഘിച്ച് പ്രചാരണം തുടങ്ങിയ കാരണത്താല്‍ തങ്ങളുടെ പത്രിക സ്വീകരിക്കുകയോ എതിര്‍കക്ഷിയുടെ പത്രിക തള്ളുകയോ ചെയ്യണമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും ആവശ്യമുന്നയിച്ചു. ഈ നിര്‍ദേശം തള്ളിയതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞത്തെിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന്, യൂത്ത് ലീഗ് പ്രവര്‍ത്തകരും സംഘടിച്ചത്തെിയതോടെ ആരംഭിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍, ചൊവ്വാഴ്ച മുഴുവന്‍ പത്രികകളും സ്വീകരിക്കുകയും ഇരുവിഭാഗം വിദ്യാര്‍ഥികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സംഘട്ടനത്തില്‍ പരിക്കേറ്റ ഊരകം സ്വദേശികളായ പി. നജീബ് (39), പി. ഷിജില്‍ (21), പാങ്ങാട്ട് റാഫി (29), നെച്ചിക്കുഴിയില്‍ ഷൈജു (26), സുബ്രഹ്മണ്യന്‍ (49), പാങ്ങാട്ട് അക്ബര്‍ (34), വേങ്ങര സ്വദേശികളായ കാങ്കടക്കടവന്‍ മന്‍സൂര്‍ (30), കാങ്കടക്കടവന്‍ ജാഫര്‍ (28), കെ. അഫ്സല്‍ (21) എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.