മലപ്പുറം: കൃഷിഭവനുകള്‍ക്ക് കീഴിലെ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങള്‍ അടച്ചതോടെ നാളികേര കര്‍ഷകരും തൊഴിലാളികളും ദുരിതത്തിലായി. സര്‍ക്കാര്‍ മാറിയതിന്‍െറ ഭാഗമായി നിലവിലെ ജീവനക്കാരെ പിരിച്ചുവിട്ടതും പുതിയ ജീവനക്കാരെ നിയമിക്കാത്തതുമാണ് സംഭരണ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കാന്‍ കാരണം. സംഭരണകേന്ദ്രങ്ങളിലേക്ക് തേങ്ങ നല്‍കിയ ഇനത്തില്‍ ലഭിക്കാനുള്ള അഞ്ച് മാസത്തെ കുടിശ്ശിക പ്രതീക്ഷിച്ച് കഴിയുന്ന കര്‍ഷകര്‍ക്ക് പുതിയ നടപടി ഇരുട്ടടിയാണ്. സെപ്റ്റംബര്‍ 30നാണ് സംസ്ഥാനത്തെ എല്ലാ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങളിലെയും ജീവനക്കാരെ പിരിച്ചുവിട്ട് കൃഷിവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇവരെ. ജീവനക്കാര്‍ ഇല്ലാതായതോടെ സംഭരണകേന്ദ്രങ്ങള്‍ പൂട്ടി. സംഭരണം മുടങ്ങിയതോടെ വന്‍ നഷ്ടമാണ് നാളികേര കര്‍ഷകര്‍ നേരിടുന്നത്. കുറഞ്ഞ വിലയ്ക്ക് തേങ്ങ പുറത്ത് വിപണിയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാണ് ആയിരക്കണക്കിന് കര്‍ഷകര്‍. കിലോക്ക് 25 രൂപക്കാണ് കഴിഞ്ഞ മാസം വരെ കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. മലപ്പുറം ജില്ലയില്‍ വിവിധ കൃഷിഭവനുകള്‍ക്ക് കീഴിലായി 58 സംഭരണകേന്ദ്രങ്ങളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ കിലോക്ക് എട്ട് രൂപ വരെ നഷ്ടം സഹിച്ച് നാളികേരം പുറത്ത് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ജില്ലയില്‍ ഓരോ സംഭരണ കേന്ദ്രത്തിന് കീഴിലും രജിസ്റ്റര്‍ ചെയ്ത 300ഓളം കര്‍ഷകരുണ്ട്. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ കൂടിയാണ് സര്‍ക്കാര്‍ നടപടി പ്രതികൂലമായി ബാധിച്ചത്. പുതിയ ജീവനക്കാരെ നിയമിച്ച് സംഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്ന് പുനരാരംഭിക്കും എന്നത് സംബന്ധിച്ച് ഒരു ധാരണയും കൃഷിവകുപ്പിനില്ല. ഒരു അക്കൗണ്ടന്‍റും രണ്ട് തൊഴിലാളികളുമാണ് ഒരു സംഭരണ കേന്ദ്രത്തിലുണ്ടാവുക. ഇവരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്. സര്‍ക്കാര്‍ മാറുമ്പോള്‍ പഴയ സര്‍ക്കാര്‍ നിയമിച്ച കരാര്‍ ജീവനക്കാരെ പിരിച്ചുവിടല്‍ സാധാരണമാണെങ്കിലും അത് കര്‍കഷകരുടെ ഉപജീവനം പ്രതിസന്ധിയിലാക്കിയാകരുത് എന്നാണ് കര്‍ഷകര്‍ പറയുന്നത്. അതിനിടെ, കൃഷിഭവനുകള്‍ മുഖേന സംഭരിക്കുന്ന തേങ്ങയുടെ വില കിലോക്ക് 27 രൂപയായി ഉയര്‍ത്തുമെന്നും സംഭരണകേന്ദ്രങ്ങള്‍ 500 കൃഷിഭവനുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 77.81 കോടി രൂപ ഉടന്‍ നല്‍കുമെന്നും വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ തിങ്കളാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.