കൃഷിയിടങ്ങളിലെ കാട്ടാന ശല്യം തടയാന്‍ മനുഷ്യ കാവല്‍ നടപ്പാക്കാനായില്ല

നിലമ്പൂര്‍: കൃഷിയിടങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ മനുഷ്യ കാവല്‍ പദ്ധതി നടപ്പാക്കണമെന്ന കേരള വനം ഗവേഷണ കേന്ദ്രത്തിന്‍െറ ശിപാര്‍ശക്ക് അംഗീകാരമായില്ല. നിലവിലെ പദ്ധതികളായ സൗരോര്‍ജവേലി, ജൈവ വേലി, മതില്‍ നിര്‍മാണം, ട്രഞ്ച് തുടങ്ങിയവ പരാജയപ്പെട്ട സാഹചര്യത്തിലാണ് 2014ല്‍ ഈ മേഖലയിലെ വിദഗ്ധനായ അന്നത്തെ കെ.എഫ്.ഐ.ആര്‍.ഐ ഡയറക്ടര്‍ ഡോ. ഈസ നിര്‍ദേശം വെച്ചത്. കാട്ടാന ശല്യം ഏറെ റിപ്പോര്‍ട്ട് ചെയ്ത വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലാണ് പദ്ധതിക്കായി ശിപാര്‍ശ ചെയ്തിരുന്നത്. വിദേശ രാജ്യങ്ങളില്‍ ഈ തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വിജയിച്ചതായി ഡോ. ഈസ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. കൃഷി കാവലിനായി കര്‍ഷകര്‍ തന്നെ അവര്‍ക്കിടയില്‍ നിന്നും ആളെ നിയോഗിക്കുന്ന പദ്ധതിയാണിത്. പ്രദേശത്തെ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് പദ്ധതി തുടങ്ങണം. കൃഷിക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണ് നിലവിലുള്ളത്. കാട്ടുമൃഗശല്യം മൂലം കൃഷി നശിക്കുമ്പോള്‍ കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ തന്നെ നിലവിലെ കൃഷി നശിക്കുകയും സര്‍ക്കാരിന് ഇതിലൂടെ രണ്ട് തരത്തിലുള്ള സാമ്പത്തിക ബാധ്യത വരുകയും ചെയ്യുന്നു. എന്നാല്‍ കര്‍ഷകരെ തന്നെ കാവലാളുകളായി നിയമിക്കുമ്പോള്‍ അവര്‍ക്ക് ജോലിയും കൃഷി സംരക്ഷണവും ഒന്നിച്ചു നടത്തിക്കൊണ്ടു പോവാനാവും. കര്‍ഷകര്‍ തന്നെ കൃഷി സംരക്ഷകരാവുമ്പോള്‍ പദ്ധതി വിജയമാകുമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിരന്തരമുള്ള കാട്ടുമൃഗ ശല്യം കാരണം സാമ്പത്തിക നഷ്ടം വന്ന് കര്‍ഷകര്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് അകലുന്ന സാഹചര്യം ഒഴിവാക്കാനും പദ്ധതികൊണ്ടാവും. പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ കാട്ടുമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാനാവുമെന്ന് ഡോ. ഈസ സമര്‍പ്പിച്ച നിര്‍ദേശത്തിലുണ്ട്. ഇതിനാണ് ഇതുവരെ അംഗീകാരം ലഭിക്കാതെ കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.