കുത്തിവെപ്പെടുക്കാതെ 34,892 കുട്ടികള്‍

മലപ്പുറം: പൂര്‍ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത 34,892 കുട്ടികള്‍ ഇനിയും ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പിന്‍െറ കണക്ക്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് പങ്കെടുത്ത ജില്ലാതല അവലോകന യോഗത്തിലാണ് ഈ കണക്ക് അവതരിപ്പിച്ചത്. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കുത്തിവെപ്പ് നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കുത്തിവെപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി സെപ്റ്റംബറില്‍ 3,728 കുട്ടികള്‍ക്കാണ് കുത്തിവെപ്പെടുത്തത്. ഇതില്‍ തീരെ കുത്തിവെപ്പെടുക്കാത്ത 548 കുട്ടികളും ഭാഗികമായി കുത്തിവെപ്പെടുത്ത 3,180 കുട്ടികളുമുണ്ട്. തീരെ കുത്തിവെപ്പെടുക്കാത്ത 5,210 കുട്ടികളാണ് ആഗസ്റ്റ് അവസാനം ജില്ലയില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് 4,632 ആയി കുറഞ്ഞു. ഭാഗികമായി കുത്തിവെപ്പെടുത്ത 33,440 കുട്ടികളാണ് ആഗസ്റ്റ് അവസാനം ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് 30,260 ആയി കുറഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ജില്ലയില്‍ വ്യാപകമായി ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഊര്‍ജിത കുത്തിവെപ്പ് പ്രചാരണം നിശ്ചയിച്ചിരുന്നു. ഒക്ടോബര്‍ 31നുള്ളില്‍ പരമാവധി കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഡിഫ്തീരിയ ജില്ലയില്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിലയിരുത്തല്‍. ഇടക്ക് കുറ്റിപ്പുറത്ത് കോളറ റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിയന്ത്രണ വിധേയമായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമര്‍ഫാറൂഖ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. രേണുക, ഡെപ്യൂട്ടി ഡി.എം.ഒമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, ആരോഗ്യവകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.