നിലമ്പൂര്‍ ജില്ലാ ആശുപത്രി നാലുനില കെട്ടിടത്തിന് 14ന് തറക്കല്ലിടും

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എന്‍.ആര്‍.എച്ച്.എം) ഫണ്ടില്‍നിന്ന് 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നാലുനില കെട്ടിടത്തിന് ഒക്ടോബര്‍ 14 ന് തറക്കല്ലിടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ആശുപത്രി പരിപാലന സമിതി (എച്ച്.എം.സി) യോഗത്തിലാണ് തീരുമാനം. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തറക്കല്ലിടല്‍ നിര്‍വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ പി.വി. അന്‍വര്‍, പി.കെ. ബഷീര്‍, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. നിലവിലെ ഡയാലിസിസ് സെന്‍ററിലേക്ക് ലിഫ്റ്റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ നീക്കിവെക്കും. ഓപണ്‍ ടെന്‍ഡര്‍ വിളിച്ച് വൈകാതെ ലിഫ്റ്റ് നിര്‍മാണ പ്രവൃത്തി ആരംഭിക്കും. ഇടത്തരം കുടുംബങ്ങളുടെ ചികിത്സാ സഹായത്തിനായി രൂപവത്കരിച്ച സ്പര്‍ശം പദ്ധതി പുനരുജ്ജീവിപ്പിക്കാനും തീരുമാനിച്ചു. ചികിത്സ ചെലവിന്‍െറ 70 ശതമാനം രോഗികള്‍ക്ക് ലഭിക്കുന്നതാണ് സ്പര്‍ശം പദ്ധതി. ആധുനിക സൗകര്യത്തോടെയുള്ള ആംബുലന്‍സ് ഉടന്‍ അനുവദിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പി.വി. അബ്ദുല്‍വഹാബ് എം.പി അറിയിച്ചു. ആശുപത്രി കവാടത്തിന് മുന്നില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഗേറ്റ് പൊളിച്ചുമാറ്റാനും തീരുമാനമായി. പുതുതായി സ്ഥാപിച്ച ജനറേറ്ററിന്‍െറ അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും ജനറേറ്റര്‍ ഉടന്‍ പ്രയോജനപ്പെടുത്താനാകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി. ജയിംസ്, സെറീന മുഹമ്മദലി, മുന്‍ നഗരസഭ അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്, എച്ച്.എം.സി അംഗങ്ങളായ പി.ടി. ഉമ്മര്‍, കെ. റഹീം, എ. പാര്‍ത്ഥസാരഥി, അഡ്വ. രമേശ്, ഗിരീഷ് മോളൂര്‍ മഠത്തില്‍, ബിനോയ് പാട്ടത്തില്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.