ഗവ. മെഡിക്കല്‍ കോളജ് : താല്‍ക്കാലിക ജീവനക്കാരുടെ വേതനവര്‍ധന നടപ്പാക്കിയില്ല

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരുടെ വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ ഫണ്ടില്ളെന്ന് പറയുമ്പോഴും പുതിയ നിയമനങ്ങള്‍ തകൃതി. 14 സ്റ്റാഫ് നഴ്സുമാരെയാണ് ഏറ്റവും ഒടുവില്‍ നിയമിച്ചത്. നിയമനം നടന്നതോടെ താല്‍ക്കാലിക ജീവനക്കാരുടെ അസോസിയേഷന്‍ പ്രതിനിധികള്‍ ചൊവ്വാഴ്ച ജില്ലാ കലകടറെ കണ്ട് പരാതി നല്‍കി. കഴിഞ്ഞ ഫെബ്രുവരി 26നാണ് സംസ്ഥാനത്തെ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും ദിവസവേതനം വര്‍ധിപ്പിച്ചത്. ഇവിടത്തെ ജീവനക്കാര്‍ക്ക് മാത്രം അത് ലഭിക്കുന്നില്ല.400 രൂപ ദിവസക്കൂലി വാങ്ങിയിരുന്നവര്‍ക്ക് ജോലിയുടെ സ്വഭാവം പരിഗണിച്ച് 600 രൂപയും 650 രൂപയുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ഉത്തരവുമായി ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ. നന്ദകുമാറിനെ കണ്ടിരുന്നു. ആശുപത്രിയുടെ വികസന ഫണ്ട് പരിമിതമാണെന്നും വര്‍ധിപ്പിച്ച ശമ്പളം നല്‍കാനാവില്ളെന്നും അറിയിച്ചു. 204 പേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലികക്കാര്‍. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുടുംബത്തിന് 30,000 രൂപ പ്രതിവര്‍ഷ ചികിത്സാ ഇന്‍ഷുറന്‍സുള്ളതാണ് ഇവിടെ വികസനഫണ്ടായി വരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിവഴി ചികിത്സ തേടി വരുന്നവര്‍ക്ക് കണക്കാക്കിയ ചെലവ് നേരെ ആശുപത്രി ഫണ്ടിലേക്കാണ് വരുന്നത്.ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയുമായി നിലനിന്ന ഘട്ടത്തില്‍ രണ്ടര മുതല്‍ മൂന്നുകോടി രൂപവരെ പ്രതിവര്‍ഷം ഇത്തരത്തില്‍ ലഭിച്ചിരുന്നു. ഇതിനുപുറമെ സന്ദര്‍ശക പാസിന് അഞ്ചുരൂപ വാങ്ങുന്നു. എക്സ്റേ, ലാബ്, ഇ.സി.ജി മുതലായവക്കും പണമുണ്ട്. വാര്‍ഡില്‍ ബെഡില്‍ വിരിക്കാനുള്ള വിരി ഉപയോഗിച്ചാല്‍ വരെ ദിവസം പത്തുരൂപ നല്‍കണം. ഈ രീതിയില്‍ ലഭിക്കുന്ന ഫണ്ടുകൊണ്ടാണ് അത്യാവശ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫര്‍ണിച്ചര്‍ വാങ്ങുന്നതും. 204 ജീവനക്കാരില്‍ വലിയൊരു വിഭാഗം പേരും ഈ ഫണ്ടില്‍നിന്നാണ് ശമ്പളം പറ്റുന്നത്. ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) നിയമിച്ച താല്‍ക്കാലിക നഴ്സുമാര്‍ക്ക് 400 രൂപ നല്‍കുമ്പോള്‍ ഡി.എം.ഒ പോസ്റ്റിങ്വഴി വന്ന തല്‍ക്കാലികക്കാര്‍ക്ക് 600 രൂപ നല്‍കുന്നു. എച്ച്.ഡി.എസ് നിയമിച്ച ബ്ളഡ്ബാങ്ക് ടെക്നീഷ്യന് മാസം 30 ദിവസം ജോലി ചെയ്താല്‍ 12,000 രൂപ ലഭിക്കും. ഇതേ തസ്തികയില്‍ ഡി.എം.ഇ വഴി താല്‍ക്കാലിക നിയമനം നേടിയവര്‍ക്ക് ശമ്പളം 24,000 രൂപയാണ്. ഡി.ഫാം, എം.എല്‍.ടി, എക്സ്റേ ടെക്നീഷ്യന്‍ കോഴ്സ്, റേഡിയോഗ്രാഫര്‍ കോഴ്സ്, ഐ.ടി.ഐ വയര്‍മാന്‍ ലൈസന്‍സ് തുടങ്ങി യോഗ്യതയുള്ള താല്‍ക്കാലികക്കാര്‍ പ്രതിദിനം 400 രൂപ വാങ്ങുമ്പോള്‍ ഡി.എം.ഒ ഓഫിസ് വഴി നിയമിച്ച ശുചീകരണ തൊഴിലാളികള്‍ക്ക് 600 രൂപയാണ്. ഇക്കാര്യത്തില്‍ തൊഴിലാളി യൂനിയനുകളൊന്നും താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തിന് വരുന്നില്ല. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്‍െറ പകര്‍പ്പുമായി പലതവണ ആശുപത്രി സൂപ്രണ്ടിന്‍െറ മുമ്പിലത്തെിയിട്ടും ഗൗനിച്ചിട്ടില്ല. സംഭവം അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.