ബ്ളോക് പഞ്ചായത്ത് ഓഫിസിലെ തട്ടിപ്പ്: ഉന്നത അന്വേഷണസംഘം ഇന്ന് വണ്ടൂരിലത്തെും

വണ്ടൂര്‍: ബ്ളോക് പഞ്ചായത്ത് ഓഫിസിലെ സാമ്പത്തിക തട്ടിപ്പിന്‍െറ വ്യാപ്തി വര്‍ധിച്ചുവരുന്നതിന് കണക്കുകള്‍ തെളിവ്. തുടക്കത്തില്‍ 24 രൂപയുടെ തട്ടിപ്പാണ് കണ്ടത്തെിയതെങ്കില്‍ ഇപ്പോഴത് അരക്കോടിയുടെ മുകളിലായതായാണ് വിവരം. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം ചൊവ്വാഴ്ച വണ്ടൂരിലത്തെും. എസ്.ഐ പി. ചന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘത്തിന് വ്യാജരേഖകള്‍ ചമച്ച മുഖ്യ സൂത്രധാരന്മാരെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം, ഗ്രാമവികസന വകുപ്പ് തലത്തിലും അന്വേഷണം നടത്തുന്നുണ്ട്. ഓഫിസ് അറ്റന്‍ഡര്‍ മാത്രമായ ജീവനക്കാരന് ഇത്രയും വലിയ തുക തട്ടിയെടുക്കാന്‍ സാധിച്ചത് വകുപ്പിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദികളായ മേലുദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടികളുമുണ്ടായേക്കും. ഓഡിറ്റര്‍മാരെയും മേലുദ്യോഗസ്ഥരെയുമെല്ലാം കബളിപ്പിച്ച് വലിയ തുക ഒരാള്‍ക്ക് മാത്രം തട്ടിയെടുക്കുകയെന്നത് അവിശ്വസനീയമാണെന്നാണ് ഗ്രാമവികസന വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍തന്നെ പറയുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി.പി.എമ്മും സി.പി.ഐയും ശക്തമായ സമരത്തിന് രൂപം നല്‍കുന്നുണ്ട്. ഒക്ടോബര്‍ ആറിന് സി.പി.എം ബ്ളോക് ഓഫിസ് മാര്‍ച്ച് നടത്തും. ആരോപണവിധേയന്‍ 16 വര്‍ഷമായി സര്‍വിസിലുണ്ട്. ഇയാള്‍ 15 വര്‍ഷവും ജോലി ചെയ്തത് വണ്ടൂര്‍ ബ്ളോക് പഞ്ചായത്ത് ഓഫിസിലാണ്. ഇത്രയും കാലത്തെ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യമാണുയര്‍ന്നിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.