9000 കിണറുകള്‍ റീചാര്‍ജ് ചെയ്യും

പെരിന്തല്‍മണ്ണ: നഗരസഭയിലെ 9000 കിണറുകള്‍ മഴക്കാലത്തിന് മുമ്പ് ജീവനം പദ്ധതിയില്‍പെടുത്തി റീചാര്‍ജ് ചെയ്യാന്‍ കൗണ്‍സില്‍ യോഗം പദ്ധതികളാവിഷ്കരിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. കിണറിന് 5000 രൂപ നഗരസഭ സാമ്പത്തിക സഹായം ലഭ്യമാക്കും. ടൗണില്‍ നിത്യരോഗികളും അരക്കുതാഴെ തളര്‍ന്നവര്‍ക്കുമായി സാന്ത്വനം പുനരധിവാസ കേന്ദ്രത്തിനും വയോമിത്രം വയോജന പുനരധിവാസ കേന്ദ്രത്തിനും 2.48 കോടി രൂപയുടെ വിശദറിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. 84 പേര്‍ക്ക് ജനറല്‍ വിഭാഗത്തിലും 13 വനിതകള്‍ക്കും ഓട്ടോറിക്ഷക്ക് സഹായം നല്‍കും. ഇവര്‍ക്ക് ടൗണില്‍ പെര്‍മിറ്റ് നല്‍കില്ല. പകരം ടൗണിന് സമീപം പെര്‍മിറ്റ് നല്‍കുന്നതിനായി ജോയന്‍റ് ആര്‍.ടി.ഒ നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശാധന നടത്തി പെര്‍മിറ്റ് നല്‍കേണ്ട സ്ഥലം തീരുമാനിക്കും. സ്വച്ഛ്ഭാരത് പദ്ധതിയില്‍ അപേക്ഷ നല്‍കിയ 115 പേര്‍ക്ക് ശൗചാലയ നിര്‍മാണത്തിന് സഹായം നല്‍കും. ഡിസംബര്‍ 31ന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. 13ാം പഞ്ചവത്സര പദ്ധതി തയാറാക്കാന്‍ ചെയര്‍മാന്‍ മുഹമ്മദ് സലീം അധ്യക്ഷനും എന്‍.കെ. ശ്രീധരന്‍ വൈസ് ചെയര്‍മാനുമായി 14 അംഗ മുനിസിപ്പല്‍തല ആസൂത്രണ സമിതിയെ തെരഞ്ഞെടുത്തു. ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ളക്സിലെ വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ നവകേരള മിഷനില്‍ ഉള്‍പ്പെടുത്തണമെന്ന കിഴ്ശ്ശേരി മുസ്തഫയുടെ പ്രമേയം കൗണ്‍സില്‍ യോഗം അംഗീകരിച്ചു. കക്കുത്ത് കന്നുകാലികള്‍ വിളനശിപ്പിക്കുന്നതായി ബന്ധപ്പെട്ട വാര്‍ഡ് മെംബര്‍ പരാതിപ്പെട്ടു. ക്യൂബന്‍ പ്രസിഡന്‍റ് ഫിദല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.