വരള്‍ച്ച: കരുവാരകുണ്ടില്‍ പ്രകൃതിസൗഹൃദ തടയണ നിര്‍മാണം തുടങ്ങി

കരുവാരകുണ്ട്: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഗ്രാമപഞ്ചായത്ത് ഇത്തവണ തടയണകള്‍ നേരത്തേ നിര്‍മിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രകൃതിസൗഹൃദ തടയണകളാണ് നിര്‍മിക്കുന്നത്. ഒലിപ്പുഴ, കല്ലന്‍ പുഴ എന്നിവകളില്‍ ഇതിനകം 11 തടയണകള്‍ നിര്‍മിച്ചു. 40 ശതമാനം മഴ മാത്രമാണ് ഇത്തവണ മലയോര ഗ്രാമമായ കരുവാരകുണ്ടില്‍ ലഭിച്ചത്. പുഴകളെല്ലാം നേരത്തേതന്നെ നീര്‍ച്ചാലുകളായി. കിണറുകളിലെ വെള്ളവും താഴ്ന്നു. ഇതിനെ തുടര്‍ന്നാണ് പുഴയെ സംരക്ഷിച്ച് പ്രകൃതിസൗഹൃദ തടയണകള്‍ നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. കല്ലന്‍പുഴയില്‍ അരിമണല്‍, കേരള, മഞ്ഞള്‍പാറ, പാന്ത്ര എന്നിവിടങ്ങളിലും ഒലിപ്പുഴയില്‍ കല്‍ക്കുണ്ട്, തുരുമ്പോട, കരുവാരകുണ്ട് എന്നിവിടങ്ങളിലുമാണ് ഇതിനകം നിര്‍മാണം പൂര്‍ത്തിയായത്. പ്ളാസ്റ്റിക് ചാക്കുപയോഗിച്ചുള്ള തടയണ നിര്‍മാണം ജില്ല കലക്ടര്‍ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പുഴങ്കല്ലും പുല്ലും മണ്ണും ഉപയോഗിച്ചുള്ള തടയണകള്‍ പരീക്ഷിച്ചത്. 65 എണ്ണം കഴിഞ്ഞവര്‍ഷം നിര്‍മിച്ചു. ഇത്തവണ നൂറെണ്ണം നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 50,000 മഴക്കുഴികളും നിര്‍മിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.