മലപ്പുറം: തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ നടക്കുന്ന 60ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍െറ പന്തലിന് കാല്‍നാട്ടി. സ്റ്റേജ്-പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന കാല്‍നാട്ടല്‍ സംഘാടകസമിതി ചെയര്‍മാന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരുടെ യോഗം കായിക ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫിന്‍െറ അധ്യക്ഷതയില്‍ സെനറ്റ് ഹാളില്‍ ചേര്‍ന്നു. ഡിസംബര്‍ രണ്ടിന് ഫറോക്ക്, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളിലത്തെുന്ന അത്ലറ്റുകളെ സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവേല്‍ക്കും. 17 സ്കൂളുകളിലാണ് ഇവര്‍ക്ക് താമസ സൗകര്യം. ഭക്ഷണ ഹാളില്‍ സ്റ്റീല്‍ ഗ്ളാസും പ്ളേറ്റുകളും ഒരുക്കി പ്ളാസ്റ്റിക്കിനെ പൂര്‍ണമായും പടിക്കുപുറത്ത് നിര്‍ത്തും. സ്റ്റേഡിയത്തിലേക്കും പ്ളാസ്റ്റിക് പ്രവേശിപ്പിക്കില്ല. പബ്ളിസിറ്റി-മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ അത്ലറ്റുകള്‍ക്കും സംഘാടകര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ ടെലിഫോണ്‍ ഡയറക്ടറി പ്രസിദ്ധീകരിക്കും. പ്രചാരണത്തിനായി ജില്ലയിലെ സ്കൂളുകളില്‍ കായിക താരങ്ങളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. കായികാധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. 60ാമത് കായികോത്സവം പ്രചാരണാര്‍ഥം 60 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി സ്കൂളുകളില്‍ നവംബര്‍ 30ന് വൈകീട്ട് 3.30ന് കൂട്ടയോട്ടം സംഘടിപ്പിക്കും. പന്തലിന് കാല്‍നാട്ടല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ല, തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ കലാം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.