തിരൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം മാറ്റി

തിരൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവം മാറ്റി. ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താനാണ് പുതിയ തീരുമാനം. വേദിയായി തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടരും. നേരത്തേ നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. തിരൂര്‍ എ.ഇ.ഒയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന സംഘാടക സമിതി യോഗമാണ് കറന്‍സി മാറ്റത്തെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം കലോത്സവം മാറ്റാന്‍ തീരുമാനിച്ചത്. ചെലവ് ചുരുക്കലുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഇന്നലത്തെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എല്ലാ സംഘാടക സമിതികളോടും പരമാവധി ചെലവ് ചുരുക്കി പുതിയ കണക്ക് സമര്‍പ്പിക്കാന്‍ എ.ഇ.ഒ നിര്‍ദേശിച്ചു. വേദികളുടെ എണ്ണം വെട്ടിക്കുറച്ച് പരിപാടികള്‍ പുന$ക്രമീകരിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപക സംഘടനകള്‍ ബുധനാഴ്ച പുതിയ കണക്കുകള്‍ സമര്‍പ്പിക്കുമെന്നും അവ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനറും നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ വിജി അറിയിച്ചു. നാല് പ്രധാന വേദികളുള്‍പ്പെടെ ഒമ്പത് വേദികള്‍ തയാറാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കലോത്സവ നടത്തിപ്പിന് മൊത്തം 10 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ വക ലഭിക്കുക. ബാക്കി തുക മുഴുവന്‍ സംഭാവനകളിലൂടെ കണ്ടത്തെണം. കഴിഞ്ഞ ദിവസങ്ങളില്‍ പിരിവിനായി വിവിധ സബ് കമ്മിറ്റികള്‍ രംഗത്തിറങ്ങിയെങ്കിലും നാമമാത്ര തുകയാണ് ലഭിച്ചത്. നേരത്തേ തുക വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ സഹായം നല്‍കാന്‍ പ്രയാസം അറിയിക്കുകയും ചെയ്തു. അതോടെ മേള നടത്തിപ്പ് പ്രതിസന്ധിയിലായി. തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്ന് പുതിയ തീയതി കുറിച്ചത്. മേള മുടങ്ങാതിരിക്കാന്‍ ഇടപെടാമെന്ന് തിരുനാവായ പഞ്ചായത്ത് പ്രസിഡന്‍റ് ഫൈസല്‍ എടശ്ശേരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. ഡിസംബര്‍ രണ്ടാം വാരം അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ മേള ഡിസംബര്‍ ആദ്യവാരത്തിനപ്പുറത്തേക്ക് മാറ്റാനാകില്ല. ജനുവരിയിലാണ് ജില്ല മേള. കലോത്സവ വേദിയായി തിരുനാവായയെ തീരുമാനിക്കുന്നതില്‍ കാലതാമസമുണ്ടായതിനാലാണ് സംഘാടന നടപടി വൈകിയത്. ഓര്‍ക്കാപ്പുറത്ത് നോട്ട് മാറ്റം വന്നതോടെ സംഘാടകര്‍ വെട്ടിലുമായി. അതേസമയം, നേരത്തേ തീരുമാനിച്ചത് പ്രകാരം സ്റ്റേജിതര മത്സരങ്ങള്‍ ചൊവ്വാഴ്ച ആരംഭിച്ചു. വ്യാഴാഴ്ചയോടെ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.