നോട്ട് നിരോധന കാലത്ത് നോട്ടുകളുടെ ചരിത്രം പറഞ്ഞ് അലി മാസ്റ്റര്‍

മഞ്ചേരി: നോട്ട് നിരോധനത്തോടെ കൈയിലുള്ള പണം എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ജനം നെട്ടോട്ടമോടുമ്പോള്‍ നിരോധിച്ച പഴയകാല നോട്ടുകളുടെ ചരിത്രം പറഞ്ഞ് അലി മാസ്റ്റര്‍. തൃപ്പനച്ചി എ.യു.പി സ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകന്‍ മണ്ണിങ്ങച്ചാലില്‍ പൂതനാരി അലി മാസ്റ്ററാണ് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഇറങ്ങിയ നോട്ടുകളുടെ ഒട്ടുമിക്ക പതിപ്പുകളുമായി വരുംതലമുറക്ക് അറിവ് പകരുന്നത്. 1000 രൂപയുടെ നോട്ട് ആദ്യമിറങ്ങുന്നത് 1975ല്‍. 1978 അവസാനത്തോടെ അത് പിന്‍വലിച്ചു. മൊറാര്‍ജി ദേശായിയുടെ കാലത്താണത്. അതിനുമുമ്പ് 1959ല്‍ ഒന്ന്, അഞ്ച്, 10, 100 രൂപകളുടെ നോട്ടുകളിറങ്ങിയത് ആറ് രാജ്യങ്ങളില്‍ ഉപയോഗിക്കാനുള്ള മൂല്യം കണക്കാക്കിക്കൊണ്ടായിരുന്നു. ഇതിന് ഹജ്ജ് നോട്ട് എന്നാണ് പറഞ്ഞിരുന്നത്. ആ കൂട്ടത്തിലെ നൂറ് രൂപ നോട്ടിന് ഇപ്പോള്‍ അഞ്ചുലക്ഷം രൂപ വരെയാണ് നോട്ട് ശേഖരിക്കുന്നവര്‍ വില പറയുന്നത്. മാസങ്ങള്‍ മാത്രം നിലനിന്ന ആ നോട്ടുകള്‍ 60ല്‍ പിന്‍വലിച്ചു. പേര്‍ഷ്യന്‍, ഗള്‍ഫ് നോട്ടുകളെന്നും ഇതിനെ പറഞ്ഞിരുന്നു. ഇതിലെ നൂറുരൂപ നോട്ടല്ലാത്തവയെല്ലാം അലി ശേഖരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തിന്‍െറ ഭാഗമായി 1969ല്‍ ഗാന്ധിജി സബര്‍മതി ആശ്രമത്തിന് മുമ്പില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രവുമായി രണ്ട്, അഞ്ച്, പത്ത്, നൂറ് നോട്ടുകളിറങ്ങി. ആ ഗണത്തില്‍ പെടുന്ന നോട്ടുകളുടെ മൂല്യം റദ്ദാക്കിയിട്ടില്ളെങ്കിലും ഇപ്പോള്‍ കിട്ടാനില്ല. 1987ല്‍ പാര്‍ലമെന്‍റിന്‍െറ ചിത്രത്തോടൊപ്പം, എന്നാല്‍ ദേശീയപതാക കാണാത്ത രീതിയില്‍ 50 രൂപയുടെ നോട്ടുകളിറങ്ങിയിരുന്നു. പതാകയില്ളെന്ന കാരണത്താല്‍ തന്നെ അതേ നോട്ടുകള്‍ പിന്നീടിറങ്ങിയിട്ടില്ല. ഇവയുടെയെല്ലാം ഓരോ പതിപ്പ് അലി ശേഖരിച്ചിട്ടുണ്ട്. അയ്യായിരത്തിന്‍െറയും പതിനായിരത്തിന്‍െറയും നോട്ടുകളെക്കുറിച്ച് കേട്ടറിവുണ്ടോ എന്നും അലി ചോദിക്കുന്നു. എന്നാല്‍, അങ്ങനെയും ഇന്ത്യന്‍ കറന്‍സി ഇറങ്ങിയിട്ടുണ്ട്. 1954ല്‍. കേവലം നാലുമാസമേ അത് നിലനിന്നുള്ളൂ. പിന്നീട് പിന്‍വലിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ആ നോട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.