ശ്രുതിമോളുടെ ചികിത്സക്ക് വിദ്യാര്‍ഥികളുടെ ഒമ്പത് ലക്ഷം

വളാഞ്ചേരി: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവുന്ന വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി ശ്രുതിമോള്‍ ചന്ദ്രന്‍െറ (16) ചികിത്സാ സഹായത്തിന് വിദ്യാര്‍ഥികളും സ്റ്റാഫംഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കാടാമ്പുഴയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മാക്കോട്ടില്‍ രാമചന്ദ്രന്‍, ശാന്തകുമാരി ദമ്പതികളുടെ മൂത്ത മകളായ ശ്രുതിക്ക് അമ്മയാണ് കരള്‍ പകുത്ത് നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വളാഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും, സ്റ്റാഫും കൂടിയാണ് 887080 രൂപ സ്വരൂപിച്ചത്. സ്കൂളിലെ എന്‍.എസ്.എസ്., എന്‍.സി.സി., സ്റ്റുഡന്‍റ് പോലീസ്, ജെ.ആര്‍.സി തുടങ്ങിയവയും വിവിധ ക്ളബുകളും ചികിത്സ സഹായം ലഭിക്കുന്നതിനായി രംഗത്തു വന്നു. ചടങ്ങില്‍ ശ്രുതിമോള്‍ ചന്ദ്രന്‍ ചികിത്സ സഹായ സമിതി ഭാരവാഹികളായ പി.പി. ബഷീര്‍, എ.പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.പി. നാരായണന്‍, സുരേഷ് കുമാര്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സഹായധനം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്‍റ് സലാം വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചികിത്സ സഹായത്തിലേക്ക് 30570 രൂപ സ്വരൂപിച്ച വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി ഷിബിലക്കും, കൂടുതല്‍ തുക സമാഹരിച്ച മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉപഹാരം നല്‍കി. ചികിത്സ സഹായനിധിയിലേക്ക് സ്കൂള്‍ മാനേജ്മെന്‍റിന്‍െറ വിഹിതം ചടങ്ങില്‍ മാനേജ്മെന്‍റ് സെക്രട്ടറി പി. സുരേഷ് ഭാരവാഹികള്‍ക്ക് കൈമാറി. പ്രധാനധ്യാപിക സി.കെ. ശോഭ, ടി.വി. രഘുനാഥ്, പി. ഗോവിന്ദന്‍, ഇ. ഹസന്‍, സുരേഷ് പൂവാട്ടുമീത്തല്‍, സ്കൂള്‍ ചെയര്‍മാന്‍ കെ.പി. ദില്‍ഷാദ്, സ്കൂള്‍ ലീഡര്‍ യദുകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ എം.പി. ഫാത്തിമ കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സുധീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.