തിരൂര്‍ നഗരസഭയില്‍ ഇടതുഭരണം പരാജയമെന്ന്

തിരൂര്‍: തിരൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ്, ടി.ഡി.എഫ് സഖ്യത്തിന്‍െറ ഒരു വര്‍ഷത്തെ ഭരണം പൂര്‍ണ പരാജയമാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്‍െറ നഗരം സുന്ദര നഗരം പദ്ധതി ഉദ്ഘാടനം ചെയ്ത് നടപ്പാക്കിയെങ്കിലും നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനായില്ല. മാലിന്യപ്രശ്നം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂക്ഷമായിരിക്കുകയുമാണ്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം ഏറ്റെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുകയും അഴിമതിക്കഥകള്‍ ഉന്നയിച്ച് നാണംകെട്ടപ്പോള്‍ ഒടുവില്‍ ഏറ്റെടുക്കുകയുമായിരുന്നു. തെരുവുനായ് ശല്യവും രൂക്ഷമാണ്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാനിരിക്കെ ഒരു മുന്‍കരുതലുകളുമെടുക്കാത്ത അധികൃതര്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ നീക്കിവെച്ച ഫണ്ട് പോലും വകമാറ്റി. താഴെപ്പാലം ബൈപാസിലെ തെരുവുവിളക്കുകള്‍ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തന രഹിതമാണ്. വാര്‍ഡുതല സേവാകേന്ദ്രങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. നഗരസഭ ഓഫിസ് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ശുചിമുറികള്‍ നഗരസഭ കാര്യാലയത്തിലില്ല. 2015-16 വര്‍ഷത്തില്‍ പ്ളാന്‍ ഫണ്ട് ചെലവഴിക്കാതെ ഭീമമായ സംഖ്യ പാഴാക്കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം അവതാളത്തിലാണ്. യു.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തിയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചവര്‍ ലോകബാങ്ക് പ്രതിനിധികള്‍ പദ്ധതിയെ പ്രകീര്‍ത്തിച്ചപ്പോള്‍ പദ്ധതിയെ അംഗീകരിച്ചു. ഒരു വാര്‍ഡില്‍ പോലും പുതിയ പദ്ധതി നടപ്പാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പൊതുവികസന കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിച്ചില്ല. എല്ലാ മേഖലയിലും രാഷ്ട്രീയവത്കരണവും സ്വജനപക്ഷപാതവുമാണ് നഗരസഭയില്‍ നടക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കെ.പി. ഹുസൈന്‍, കൗണ്‍സിലര്‍മാരായ പി.ഐ. റൈഹാനത്ത്, കല്‍പ്പ ബാവ, ചെറാട്ടയില്‍ കുഞ്ഞീതു, സി.എം. അലി ഹാജി, പി. കോയ, മുഹമ്മദ് മൂപ്പന്‍, പി.കെ.കെ. തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.