പ്രതിഷേധവും സേവനവുമായി രാഷ്ട്രീയ സംഘടനകള്‍

മലപ്പുറം: നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങി. പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുന്നതിനൊപ്പം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് സമീപം കുടിവെള്ളവും ഭക്ഷണവും മറ്റു സൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ മുന്നിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെല്‍ഫയര്‍ പാര്‍ട്ടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമര- സേവന പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. ‘പിടിക്കപ്പെടേണ്ടത് കള്ളപ്പണക്കാരെയാണ്, കഷട്പ്പെടുത്തേണ്ടത് ജനങ്ങളെയല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി മലപ്പുറം എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് എം.കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പി.ടി. ഷറഫുദ്ദീന്‍, അഡ്വ. കെ.കെ. സമദ്, ഷഫീര്‍ കിഴിശ്ശേരി, യൂസഫ് കലയത്ത്, പി.എം. ബഷീര്‍, ടി.കെ. ഫസലുറഹ്മാന്‍, എന്‍. ഹക്കീം, എന്‍. സിറാജുദ്ദീന്‍, ലത്തീഫ് കാനൂര്‍ എന്നിവര്‍ സംസാരിച്ചു. മോഡി സര്‍ക്കാറിന്‍െറ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ഒതുക്കുങ്ങല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമീണ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ജനങ്ങളുടെ പ്രയാസം കുറക്കാന്‍ ഹെല്‍പ് ഡെസ്കും കുടിവെള്ള വിതരണവും നടന്നു. പറപ്പൂര്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.കെ. അബ്ദുറഹ്മാന്‍, വി.യു. കുഞ്ഞാന്‍, ഹാരിസ് മാനു, ഇസ്മായില്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സേവനങ്ങള്‍ തുടരാനാണ് ഇവരുടെ തീരുമാനം. ദുരിതം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പഞ്ചായത്ത്-മുനിസിപ്പല്‍ തലത്തില്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ മുസ്ലിം ലീഗ് ധര്‍ണ സമരം സംഘടിപ്പിക്കുമെന്ന് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ അറിയിച്ചു. രാഷ്ട്രീയ സംഘടനകള്‍ക്കൊപ്പം വിദ്യാര്‍ഥികളും സ്കൗട്ട്, എന്‍.എസ്.എസ് വിഭാഗവും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. മലപ്പുറം എസ്.ബി.ടി, പോസ്റ്റോഫിസ് എന്നിവക്ക് സമീപം മലപ്പുറം സെന്‍റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാര്‍ഥികള്‍ സഹായവുമായത്തെി. ഫോം പൂരിപ്പിച്ചു നല്‍കല്‍, വരിനില്‍ക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കല്‍ എന്നിവയാണ് കുട്ടികളുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കോട്ടപ്പടി എസ്.ബി.ഐക്ക് മുന്നില്‍ ഹെല്‍പ് ഡെസ്ക്ക് ഒരുക്കി. വള്ളുവമ്പ്രം മുതല്‍ മലപ്പുറം വരെ വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നവര്‍ക്ക് ഹോട്ടല്‍ സുല്‍ത്താന്‍ പാലസിന്‍െറ നേതൃത്വത്തില്‍ ചായയും ബിസ്കറ്റും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.