തിരൂര്‍: രണ്ടാഴ്ചമുമ്പ് തെരുവുപട്ടിയുടെ കടിയേറ്റ പശു പേയിളകി ചത്തത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. വാരണാക്കരയിലാണ് സംഭവം. നീര്‍ക്കാട്ടില്‍ ആയിഷയുടെ പശുവാണ് ബുധനാഴ്ച രാവിലെ ചത്തത്. കഴിഞ്ഞ 17നാണ് കടിയേറ്റത്. അന്ന് പട്ടിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. പശുവിനെയും ആളുകളെയും ആക്രമിച്ച പട്ടിയെ നാട്ടുകാര്‍ അന്നുതന്നെ തല്ലിക്കൊന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയും തേടി. പട്ടിക്കൊപ്പമുണ്ടായിരുന്ന നായ പേ ലക്ഷണങ്ങളുമായി ചുറ്റിക്കറങ്ങുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. കാല്‍നട യാത്രക്കാരനെയും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയും രക്ഷിക്കാന്‍ ശ്രമിച്ചയാളെയുമായിരുന്നു പട്ടി ആക്രമിച്ചത്. കടിയേറ്റ ദിവസം പശുവിന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ കുത്തിവെപ്പ് നല്‍കിയിരുന്നു. രണ്ട് ദിവസമായി പേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. സാബിറ, സ്ഥിരം സമിതി അധ്യക്ഷന്‍ തയ്യില്‍ ബീരാന്‍ ഹാജി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ പി.സി. കബീര്‍ ബാബു, ഫസലുദ്ദീന്‍ വാരണാക്കര, ടി.പി. അബ്ദുല്‍കരീം തുടങ്ങിയവര്‍ ആയിഷയുടെ വീട്ടിലത്തെി. വളവന്നൂര്‍ മൃഗാശുപത്രിയിലെ ഡോ. ജാന്‍സി, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിസരത്തെ വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തി. പശുവിനെ പരിപാലിച്ച ആയിഷക്കും മക്കള്‍ക്കും ആരോഗ്യവകുപ്പ് കുത്തിവെപ്പ് നല്‍കി. വാരണാക്കര, നെല്ലാപറമ്പ് ഭാഗങ്ങളില്‍ നായ് ശല്യം രൂക്ഷമായി തുടരുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.