ഭവന നിര്‍മാണ ബോര്‍ഡ് ജില്ല ഓഫിസ് പൂട്ടാന്‍ നീക്കം

മലപ്പുറം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്‍െറ ജില്ല ഓഫിസ് പൂട്ടാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം. മലപ്പുറം കോട്ടപ്പടിയിലെ വാടക കെട്ടിടത്തിലാണ് ബോര്‍ഡ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്‍െറ ജില്ലയിലെ ഏക ഓഫിസ് ആണിത്. വാടകകെട്ടിടത്തില്‍നിന്ന് സിവില്‍ സ്റ്റേഷനിലെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ മലപ്പുറം ഓഫിസ് പൂട്ടുന്നത് സംബന്ധിച്ച നീക്കങ്ങള്‍ തുടങ്ങിയത്. സര്‍ക്കാര്‍ മാറി ആറുമാസം പിന്നിട്ടിട്ടും ബോര്‍ഡ് നിലവില്‍വരാത്തതിനാല്‍ നിലവില്‍ ഉദ്യോഗസ്ഥ ഭരണമാണ് ഭവന നിര്‍മാണ ബോര്‍ഡിലുള്ളത്. മൂന്നുവര്‍ഷം മുമ്പാണ് വാടക കെട്ടിടത്തില്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. 9,920 രൂപയാണ് നിലവിലെ വാടക. ഇതില്‍ വര്‍ധന വരുത്തുന്ന കാര്യം ഓഫിസ് അധികൃതര്‍ സംസ്ഥാന ഓഫിസിനെ രേഖാമൂലം അറിയച്ചിരുന്നു. എന്നാല്‍, വാടക കൊടുത്ത് മലപ്പുറത്ത് ഓഫിസ് നിലനിര്‍ത്തേണ്ട ആവശ്യമില്ളെന്ന മറുപടിയാണ് സംസ്ഥാന ഓഫിസില്‍നിന്ന് ലഭിച്ചത്. കോഴിക്കോട്ടേക്കോ പാലക്കാട്ടേക്കോ മാറ്റാനാണ് നീക്കമെന്ന് അറിയുന്നു. ഭവന നിര്‍മാണ ബോര്‍ഡിന്‍െറ എല്ലാ പദ്ധതികളിലും ഏറ്റവും കൂടുതല്‍ അപേക്ഷകരും ഗുണഭോക്താക്കളും ഉള്ള ജില്ലയാണ് മലപ്പുറം. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ളെങ്കിലും ഗൃഹശ്രീ പദ്ധതിയില്‍ ഒന്നും രണ്ടും ഗഡു ധനസഹായം കൈപറ്റുന്ന നിരവധി ഗുണഭോക്താക്കള്‍ ജില്ലയിലുണ്ട്. ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ നിലമ്പൂര്‍ പോത്തുകല്ലില്‍ ഒരുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റവന്യൂ റിക്കവറി നടന്നതും മലപ്പുറം ഓഫിസിന്‍െറ കീഴിലായിരുന്നു. ആയിരത്തിലധികം റവന്യൂ റിക്കവറി ഫയലുകള്‍ ഉണ്ടായതില്‍ 39 എണ്ണം മാത്രമേ ഇനി തീര്‍പ്പാക്കാന്‍ ബാക്കിയുള്ളൂ. നിലവില്‍ ആറ് സ്ഥിരം ജീവനക്കാര്‍ അടക്കം പത്ത് പേരാണ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തിലുള്ളത്. ഓഫിസ് മാറ്റുന്നതോടെ ജില്ലയിലെ പുതിയതും പഴയതുമായ ഗുണഭോക്താക്കള്‍ വലിയ ദുരിതം അനുഭവിക്കും. അപേക്ഷ സമര്‍പ്പിക്കാനും മറ്റു നടപടികള്‍ക്കും സമീപ ജില്ലകളെയോ സംസ്ഥാന ഓഫിസിനിയോ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും മലപ്പുറത്തുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.