വനംവകുപ്പിന്‍െറ ഉടക്ക്: ചിങ്കക്കല്ല് കോളനിയിലേക്കുള്ള റോഡ് നിര്‍മാണം മുടങ്ങി

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല, ചിങ്കക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മാണം വനം വകുപ്പിന്‍െറ ഉടക്ക് മൂലം അനിശ്ചിതത്ത്വത്തിലായി. പഞ്ചായത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ആദിവാസി കോളനിയായ ചിങ്കക്കല്ലിലേക്ക് പുറം ലോകത്തുനിന്ന് എത്തിപ്പെടാനുള്ള റോഡിന്‍െറ നിര്‍മാണം അടുത്തിടെ ആരംഭിച്ചിരുന്നു. എന്നാല്‍ വള്ളിപ്പൂളക്ക് സമീപമുള്ള മൂര്‍ത്തിച്ചോലവരെ മാത്രം റോഡ് പണിയാന്‍ അനുമതി നല്‍കാനാവൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. 920 മീറ്ററോളം വരുന്ന റോഡ് നിര്‍മാണത്തിനായി എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഏറെനാളത്തെ സമര്‍ദത്തെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് റോഡ് പ്രവൃത്തി തുടങ്ങി. എന്നാല്‍ വനം വകുപ്പ് തടസ്സപ്പെടുത്തിയതിനാല്‍ 150 മീറ്ററോളം മാത്രമേ ഇപ്പോള്‍ പുനരുദ്ധാരണ പ്രവൃത്തി നടത്താനാകൂ. അവശേഷിക്കുന്ന റോഡിന് കൂടിയുള്ള തുക ചേര്‍ത്താണ് 25 ലക്ഷം അനുവദിച്ചത്. എന്നാല്‍ 800 മീറ്ററോളം വരുന്ന പ്രവൃത്തിയാണ് വനം വകുപ്പ് തടഞ്ഞിരിക്കുന്നത്. ഇതോടെ പ്രസ്തുത റോഡിലെ വള്ളിപ്പൂള ഭാഗത്തെ സോളിങ് പതിച്ച സ്ഥലം ടാറിങ് നടത്താനാണ് തീരുമാനമെന്നാണറിയുന്നത്. ജില്ലയില്‍ തന്നെ പല ആദിവാസി കോളനികളിലും വനത്തിന് മധ്യത്തില്‍ കൂടിവരെ വനം വകുപ്പ് റോഡിന് അനുമതി നല്‍കിയിട്ടും ചിങ്കക്കല്ല് കോളനിയില്‍ മാത്രം റോഡ് വികസനത്തിന് വനം വകുപ്പ് തടസ്സം നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആദിവാസികള്‍ കുറ്റപ്പെടുത്തുന്നു. റോഡ് നിര്‍മാണം വൈകിയതോടെ കോളനിയിലേക്കുള്ള നാല് വീടുകളുടെ നിര്‍മാണം തടസ്സപ്പെടാന്‍ കാരണമായിരിക്കുകയാണ്. റോഡ് തടസ്സപ്പെടുത്തിയതിനാല്‍ വീട് പണിയും മുടങ്ങിയതോടെ കോളനിക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.