പാണ്ടികശാലയിലും ഇരിമ്പിളിയത്തും വാഹനാപകടം; രണ്ടു പേര്‍ക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത പാണ്ടികശാല ഇറക്കത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും വളാഞ്ചേരി ഭാഗത്തുനിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയും പാണ്ടികശാല ഇറക്കത്തില്‍ വേഗത്തടയില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി കാറിലും ബസിലും ഇടിച്ചതിന് ശേഷം തൊട്ടടുത്ത ഇറച്ചി വില്‍പന നടത്തുന്ന കടയിലേക്ക് പാഞ്ഞുകയറി. കടയിലെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെങ്കല്‍ ലോറി ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും ട്രോമാകെയര്‍ വളന്‍റിയര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം ദേശീയപാത പാണ്ടികശാലയില്‍ സ്ഥാപിച്ച വേഗത്തടകളില്‍ ഉടക്കിയ കാര്‍ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചിരുന്നു. നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇരിമ്പിളിയം അങ്ങാടിക്ക് സമീപം മിനി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മേച്ചീരിപ്പറമ്പ് സ്വദേശി മൂര്‍ക്കത്ത് വീട്ടില്‍ ശശിധരനാണ് (47) പരിക്കേറ്റത്. വളാഞ്ചേരിയില്‍നിന്ന് ഇരിമ്പിളിയം മേച്ചീരിപ്പറമ്പിലേക്ക് പോകുകയായിരുന്ന മിനി ബസും മേച്ചീരിപ്പറമ്പില്‍നിന്ന് വലിയകുന്നിലേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ പരിക്കേറ്റ ശശിധരനെ വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.