മഞ്ചേരിയിലെ ട്രാഫിക് പരിഷ്കാരം: ജനകീയ സമരത്തിനൊരുങ്ങി പഞ്ചായത്തുകള്‍

മലപ്പുറം: മഞ്ചേരി നഗരത്തില്‍ നടപ്പാക്കിയ ജനവിരുദ്ധ ഗതാഗത പരിഷ്കാരം നവംബര്‍ 10നകം പിന്‍വലിച്ചില്ളെങ്കില്‍ ജനങ്ങളെ അണിനിരത്തി റോഡ് ഉപരോധം ഉള്‍പ്പെടെ പ്രത്യക്ഷ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ആനക്കയം, മങ്കട, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാഫിക് റെഗുലേറ്ററി അതോറിറ്റി നടപ്പാക്കിയ പുതിയ പരിഷ്കാരം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ ഈ പഞ്ചായത്തുകളില്‍നിന്നുള്ളവരാണ്. ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ട്. മലപ്പുറം, പന്തല്ലൂര്‍, കോഴിപ്പറമ്പ്, മങ്കട, പെരിമ്പലം, പള്ളിപ്പുറം, കൂട്ടിലങ്ങാടി തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിക്കുന്നതാണ് ജനങ്ങള്‍ക്ക് കടുത്ത ദുരിതമുണ്ടാക്കുന്നത്. കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ ബസിറങ്ങി നഗരത്തിലേക്ക് 25 രൂപ നല്‍കി ഓട്ടോ പിടിക്കണം. വള്ളിക്കാപറ്റയില്‍നിന്ന് മഞ്ചേരിയിലേക്ക് ബസ്ചാര്‍ജ് ഒമ്പത് രൂപയാണ്. 18 രൂപക്ക് മഞ്ചേരിയില്‍ പോയി വരാമായിരുന്നു മുമ്പ്. എന്നാല്‍, ഓട്ടോ ചാര്‍ജടക്കം 68 രൂപ ചെലവിടാന്‍ നിര്‍ബന്ധിതരാവുകയാണ് യാത്രക്കാര്‍. കണ്‍സഷന്‍ ചാര്‍ജില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളാണ് കടുത്ത പ്രയാസം അനുഭവിക്കുന്നത്. ഒന്നോ രണ്ടോ രൂപ ചെലവായിടത്ത് 30ഉം 40ഉം രൂപ ദിവസവും യാത്ര ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നു. ബുധനാഴ്ച വള്ളിക്കാപറ്റയില്‍ മൂന്ന് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗം ചേര്‍ന്നിരുന്നു. ഈ യോഗം ആനക്കയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. സുനീറ ചെയര്‍മാനും കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഹ്റാബി കണ്‍വീനറും മങ്കട പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. രമണി ട്രഷററുമായി ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ഇവര്‍ വ്യാഴാഴ്ച കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും കണ്ട് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.