സമൂഹത്തിന്‍െറ ഇടപെടലില്‍ മുന്നേറ്റം സൃഷ്ടിച്ച് വീട്ടിക്കുത്ത് ജി.എല്‍.പി സ്കൂള്‍

നിലമ്പൂര്‍: പൊതുവിദ്യാലയത്തിന്‍െറ നിലനില്‍പ്പില്‍ സമൂഹത്തിന്‍െറ ഇടപെടല്‍ ഗുണകരമാകുന്നുവെന്നതിന്‍െറ സാക്ഷ്യമാവുകയാണ് നിലമ്പൂര്‍ വീട്ടിക്കുത്ത് ജി.എല്‍.പി സ്കൂള്‍. സ്കൂള്‍ പി.ടി.എയും അധ്യാപകരും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് സ്കൂളിന്‍െറ പ്രവര്‍ത്തന പരാധീനതകളെ പരിഹരിക്കാനിറങ്ങിയപ്പോള്‍ ഉണ്ടായത് വിസ്മയകരമായ മാറ്റം. 2015-16 വര്‍ഷത്തെ കുട്ടികളുടെ എണ്ണത്തിലെ കുറവ് സ്കൂളിന്‍െറ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് സ്കൂളുമായി ബന്ധപ്പെടുന്നവരും സമീപവാസികളും പൂര്‍വ വിദ്യാര്‍ഥികളും രാത്രികാല കൂടിച്ചേരല്‍ സ്കൂളില്‍ സംഘടിപ്പിച്ചത്. ഇതിന്‍െറ മുന്നോടിയായി വിവിധ ഗ്രൂപ്പുകളുണ്ടാക്കി സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്കൂള്‍ കമ്മിറ്റികള്‍ മുന്‍കൈ എടുത്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാര്‍ഥികള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപജില്ലയിലെ പ്രതിഭകളായി മാറുകയും ചെയ്തു. രാത്രികാല പി.ടി.എ യോഗങ്ങള്‍ യുക്തമായ തീരുമാനമെടുത്തപ്പോള്‍ പുതിയ കമ്പ്യൂട്ടറുകള്‍, പുതിയ അടുക്കള, ഭക്ഷണ മേശകള്‍, കുടിവെള്ള സൗകര്യങ്ങള്‍, പാര്‍ക്ക് നവീകരണം, റേഡിയോ നിലയം, സൗണ്ട് സിസ്റ്റം, വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം തുടങ്ങിയവ സ്കൂളിന് സ്വന്തമായി. പഠന നിലവാരത്തിലെ മുന്നേറ്റവും കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനായി. കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നാം ക്ളാസിലെ കുട്ടികളുടെ എണ്ണം 23ലത്തെിയിരുന്നു. ഈ അധ്യയന വര്‍ഷത്തിലെ തുടക്കത്തില്‍തന്നെ കുട്ടികളുടെ എണ്ണം 42 കവിഞ്ഞു. ഇതോടൊപ്പം രണ്ട്, മൂന്ന്, നാല് ക്ളാസുകളിലും കൂടുതല്‍ കുട്ടികള്‍ പ്രവേശം നേടി. ഇതോടെ പുതിയ നാല് ഡിവിഷനുകള്‍ സ്കൂളില്‍ യാഥാര്‍ഥ്യമായി. കുറഞ്ഞ കാലത്തിനകം ഗുണകരമായ മാറ്റത്തിന് കാരണമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇനിയും ഏറെ നേട്ടങ്ങള്‍ കൊയ്യാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.