മീനടത്തൂരില്‍ സമാപിച്ചത് രാത്രി ഏഴരക്ക്

തിരൂര്‍: പോളിങ് ഒച്ചിഴയും വേഗത്തില്‍ നടന്നതിനാല്‍ താനൂര്‍ നിയമസഭാ മണ്ഡലത്തിലെ മീനടത്തൂര്‍ ഗവ. ഹൈസ്കൂളിലെ 82ാം ബൂത്തില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി ഏഴരയോടെ. വോട്ടെടുപ്പ് സമാപിക്കേണ്ട ആറിന് വരിയിലുണ്ടായിരുന്ന 163 പേര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞ സ്ത്രീകളുള്‍പ്പടെയുള്ള ചില വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതെ മടങ്ങി. 1653 വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തില്‍ 1273പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ആരംഭിക്കുന്ന സമയം മുതല്‍തന്നെ കേന്ദ്രത്തിന് മുന്നില്‍ സ്ത്രീകളുള്‍പ്പടെയുള്ളവരുടെ വലിയ നിരയുണ്ടായിരുന്നതായി പോളിങ്ബൂത്ത് ഏജന്‍റുമാര്‍ പറഞ്ഞു. തുടക്കം മുതലേ വോട്ടെടുപ്പിന് ഏറെ സമയമെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെ ചെയ്ത് മടങ്ങാമെന്ന് കരുതി വന്നവര്‍ക്കു പോലും ഒന്നര മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നതായി പരാതിയുണ്ട്. പോളിങ് നടപടികളില്‍ കാലതാമസം നേരിട്ടതാണ് വിനയായത്. ചില സമയങ്ങളില്‍ വോട്ടേഴ്സ് സ്ളിപ്പുമായി വന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതുള്‍പ്പടെയുള്ള നടപടികളും സമയനഷ്ടത്തിന് ഇടയാക്കിയെന്ന് പറയുന്നു. ഭക്ഷണം പോലും കഴിക്കാതെയാണ് ഉദ്യോഗസ്ഥരും ബൂത്ത് ഏജന്‍റുമാരും കഴിച്ചുകൂട്ടിയത്. ഏജന്‍റുമാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ക്രമീകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് പോളിങ് അല്‍പ്പമെങ്കിലും വേഗത്തിലായത്. വോട്ടര്‍മാരുടെ തിരക്ക് മൂലമാണ് പോളിങ് വൈകിയതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് അലംഭാവമുണ്ടായിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു. വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോള്‍ പുരുഷവോട്ടര്‍മാരാണ് കൂടുതലും അവശേഷിച്ചിരുന്നത്. എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി സ്കൂളിലേക്കുള്ള പ്രവേശകവാടം അടച്ചു. ഏഴരയോടെയാണ് അവസാന വോട്ടറായ മീനടത്തൂര്‍ മേലേതില്‍ നാസര്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയത്. ആറ് മണിമുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങുന്നത് വരെ സ്കൂള്‍ പരിസരത്ത് ഒട്ടേറെപേര്‍ തടിച്ചുകൂടി നിന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. മീനടത്തൂര്‍ സ്കൂളില്‍ നാല് ബൂത്തുകളാണുണ്ടായിരുന്നത്. പോളിങ് വൈകിയ 82ാം നമ്പര്‍ ബൂത്തിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന 81ാം ബൂത്തില്‍ വൈകീട്ട് നാലേ മുക്കാലോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 1667 പേരുള്ള ഈ ബൂത്തില്‍ 1332 പേര്‍ അഞ്ച് മണിക്ക് മുമ്പായി വോട്ട് രേഖപ്പെടുത്തി. ഇവിടെയും രാവിലെ മുതല്‍ കനത്ത തിരക്കനുഭവപ്പെട്ടിരുന്നു. 1560 വോട്ടര്‍മാരുണ്ടായിരുന്ന 84ാം നമ്പര്‍ ബൂത്തില്‍ ആറ് മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 1253 പേര്‍ വോട്ട് രേഖപ്പെടുത്തി. 1611 വോട്ടര്‍മാരുണ്ടായിരുന്ന 83ാം നമ്പര്‍ ബൂത്തില്‍ ആറ് മണിക്ക് മുമ്പായി 1232 പേര്‍ വോട്ടവകാശം വിനിയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.