മഞ്ചേരിയില്‍ ആദ്യാവസാനം തിരക്കില്ലാതെ

മഞ്ചേരി: മണ്ഡലത്തില്‍ ഭൂരിഭാഗം ബൂത്തുകളിലും തിരക്കില്ലാതെ തുടങ്ങി തിരക്കില്ലാതെ തന്നെ വോട്ടിങ് അവസാനിച്ചു. രാവിലെ ഏഴിന് തുടങ്ങി 11 വരെയും പിന്നീട് മൂന്ന് മുതല്‍ അഞ്ച് വരെയുമായിരുന്നു ബൂത്തുകള്‍ക്ക് മുമ്പില്‍ വരി പ്രത്യക്ഷപ്പെട്ടത്. മിക്ക കേന്ദ്രങ്ങളിലും ഒന്നിലധികമായിരുന്നു ബൂത്തുകള്‍. വൈകീട്ട് അഞ്ചോടെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞെങ്കിലും അവസാന നിമിഷത്തിലും ആളുകള്‍ വോട്ടു ചെയ്യാനത്തെി. മഞ്ചേരി കോളജ്കുന്ന് പ്രദേശമുള്‍പ്പെടുന്ന എച്ച്.എം.വൈ.എച്ച്.എസ്.എസിലെ 95ാം നമ്പര്‍ബൂത്തില്‍ വോട്ടുയന്ത്രം അല്‍പസമയം പണിമുടക്കി. രാവിലെ 11 ഓടെയായിരുന്നു സംഭവം. വോട്ട് ചെയ്ത് ബട്ടണമര്‍ത്തിയപ്പോള്‍ അമരാത്തതായിരുന്നു തകരാര്‍. പുതിയത് എത്തിച്ചെങ്കിലും പെട്ടെന്ന് തകരാര്‍ പരിഹരിച്ച് പഴയ യന്ത്രത്തില്‍ തന്നെ വോട്ടെടുപ്പ് തുടര്‍ന്നു. തൃക്കലങ്ങോട് എ.യു.പി സ്കൂളിലെ നാലാം നമ്പര്‍ ബൂത്തില്‍ നിശ്ചിതസമയത്തിനു ശേഷവും നൂറോളം പേര്‍ വോട്ടുചെയ്യാന്‍ ബാക്കിയായി. 1800 ല്‍ പരം വോട്ടുള്ള ഈ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങിയതുമുതല്‍ നീണ്ട വരിയായിരുന്നു. കിഴക്കത്തേല, താണിപ്പാറ, പാലക്കുളം എന്നിവയടക്കം മഞ്ചേരി നഗരസഭാപരിധിയില്‍ തിരക്കില്ലാതെ രാവിലെ മുതലേ വോട്ടെടുപ്പ് തുടര്‍ന്നു. കിടങ്ങഴി സ്കൂളിലെ ബൂത്തില്‍ വോട്ടെടുപ്പ് കഴിയുമ്പോള്‍ വൈകീട്ട് 6.45 ആയി. 1723 വോട്ടാണ് ഈ ബൂത്തില്‍. നിശ്ചിത സമയത്തിനുള്ളില്‍ വരിയില്‍ നിന്നവര്‍ക്കെല്ലാം വോട്ടുചെയ്യാന്‍ അവസരം നല്‍കി. മഞ്ചേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം. ഉമ്മര്‍ മഞ്ചേരി ചെരണി മദ്റസ ബൂത്തില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇടത് സ്ഥാനാര്‍ഥി അഡ്വ. കെ. മോഹന്‍ദാസ് മലപ്പുറം മുണ്ടുപറമ്പ് യു.പി. സ്കൂളിലാണ് വോട്ടുചെയ്തത്. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. സി. ദിനേശ് പത്തപ്പിരിയം സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.