ഇന്ന് മൗനം, നാളെ ബൂത്തില്‍

മലപ്പുറം: കൊടുംചൂടില്‍ രണ്ടുമാസത്തോളം വിയര്‍ത്തുകുളിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കോളാമ്പിയൊച്ചകളും നിശ്ചലമായി. ജനവിധി രേഖപ്പെടുത്താന്‍ തിങ്കളാഴ്ച പോളിങ് ബൂത്തുകള്‍ സജ്ജമാകും. മലപ്പുറം, വേങ്ങര, വണ്ടൂര്‍, മഞ്ചേരി, മങ്കട, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി, വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇതില്‍ നാല് മണ്ഡലങ്ങളെങ്കിലും അട്ടിമറിയുടെ നിഴലിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അട്ടിമറി എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. അതേസമയം, സ്വന്തം കോട്ടകളില്‍ കുലുക്കമില്ളെന്നും വിജയം ഉറപ്പാണെന്നും യു.ഡി.എഫ് വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു. ഒരു സീറ്റെങ്കിലും പിടിച്ചെടുക്കുമെന്നും അവര്‍ പറയുന്നു. യു.ഡി.എഫും എല്‍.ഡി.എഫും മാത്രമല്ല, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ എല്ലാ മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്. ഇതിനുപുറമെ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് സജീവമായിരുന്നു. ഈ പാര്‍ട്ടികള്‍ നേടുന്ന വോട്ട് ഇരുമുന്നണികളും ഉറ്റുനോക്കുന്നുണ്ട്. 30,33,864 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 3933 പ്രവാസി വോട്ടര്‍മാരും 2340 സര്‍വിസ് വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ ഏറ്റവും വോട്ടര്‍മാരുള്ളത് വണ്ടൂര്‍ മണ്ഡലത്തിലാണ്. 2,09,876. ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലാണ് 1,65,869. നിലമ്പൂര്‍, താനൂര്‍, കൊണ്ടോട്ടി, മങ്കട, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ മണ്ഡലങ്ങളിലെ ജനവിധി എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. കാരണം, പ്രചാരണത്തില്‍ വലിയ തോതിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ച മണ്ഡലങ്ങളാണിത്. പതിവിന് വിപരീതമായി പ്രാദേശിക തലത്തില്‍ വോട്ട് നിലവാരം പ്രവചിക്കുന്ന പലരും ഇത്തവണ കണക്കില്‍ മുട്ടിനില്‍ക്കുകയാണ്. ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമാണ് എന്നതാണ് കാരണം. ഏറനാട് മണ്ഡലത്തിലും കടുത്ത മത്സരമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഉണ്ടായ അടിയൊഴുക്കുകള്‍ മുന്നണികള്‍ക്ക് പ്രതീക്ഷയും അതുപോലെ ആശങ്കയും നല്‍കുന്നതാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും മാത്രമല്ല, ബി.ജെ.പിക്കും മറ്റ് ചെറുകക്ഷികള്‍ക്കും ലഭിക്കുന്ന വോട്ടുകളെക്കുറിച്ച് ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇനിയെല്ലാം വോട്ടര്‍മാര്‍ തീരുമാനിക്കട്ടേ എന്ന് ആശ്വസിക്കുകയാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. 2011ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ജില്ലയില്‍ മത്സരിച്ച 12 മണ്ഡലങ്ങളിലും വിജയിച്ചു. ഇത്തവണയും അവര്‍ ഈ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുണ്ട്. ഒരു ഇടതു സ്വതന്ത്രനടക്കം സി.പി.എമ്മിന് രണ്ട് സീറ്റുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. ഈ ഗ്രാഫ് ഉയര്‍ത്തുമെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്‍െറ രണ്ട് സീറ്റുകളടക്കം യു.ഡി.എഫിനുണ്ടായിരുന്ന 14 സീറ്റുകളില്‍നിന്ന് വര്‍ധന യു.ഡി.എഫും അവകാശപ്പെടുന്നുണ്ട്. ഒരുപക്ഷേ, കേരള ഭരണത്തില്‍തന്നെ നിര്‍ണായക പങ്കുവഹിക്കുക ജില്ലയിലെ സീറ്റുകളായിരിക്കും. വോട്ടെടുപ്പിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പൊലീസ് അകമ്പടിയോടെ വോട്ടുയന്ത്രമുള്‍പ്പെടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ഇന്ന് ബൂത്തുകളിലത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.