കരിപ്പൂര്‍: അവഗണനയും യാത്രാദുരിതവും പ്രചാരണത്തില്‍ പുകയുന്നു

കരിപ്പൂര്‍: മലബാറിലെ പതിനായിരക്കണക്കിന് പ്രവാസികളുടെ ആശാകേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന നിയമസഭാ തെരഞ്ഞെടുപ്പിലും പുകയുന്നു. യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ സര്‍ക്കാറിന് സാധിക്കാത്തതാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നില്ളെന്ന് പ്രവാസികളില്‍ പരാതി ശക്തമാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും കേന്ദ്രസര്‍ക്കാറിനെ പഴിചാരി രക്ഷപ്പെടുകയാണ്. ഇടതുമുന്നണിയാകട്ടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനാസ്ഥയാണെന്നാണ് കുറ്റപ്പെടുത്തുന്നത്. ബി.ജെ.പി സംസ്ഥാന സര്‍ക്കാറിനെയാണ് വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ അവസ്ഥ പ്രചാരണ വിഷയമായി ഉന്നയിക്കുന്നുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് കരിപ്പൂരിനെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്നത് വിവിധ പ്രവാസി സംഘടനകളില്‍ സജീവ ചര്‍ച്ചാവിഷയമാണ്. മലബാറില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സൗദി സെക്ടറിലെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാനാകാത്തതാണ് പ്രവാസികളുടെ രോഷത്തിന് കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടക്കലില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചത് ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിച്ചിട്ടുണ്ട്. കരിപ്പൂരില്‍നിന്ന് സൗദി അറേബ്യയിലേക്ക് വിമാനമുണ്ടായിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് വിമര്‍ശം. വലിയ വിമാനങ്ങള്‍ നിര്‍ത്തിവെച്ചതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കരിപ്പൂരില്‍നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തില്‍ 27 കോടി രൂപ കുറവാണ് രേഖപ്പെടുത്തിയത്. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് നിരവധി പേര്‍ ഇ-മെയില്‍ വഴി നിവേദനം അയച്ചിരുന്നു. റണ്‍വേ നവീകരണം അവസാന ഘട്ടത്തിലാണെന്നും അതിന്‍െറ ഭാഗമായാണ് മേയ് ഒന്ന് മുതല്‍ റണ്‍വേ പൂര്‍ണമായി തുറന്ന് കൊടുത്തതെന്നുമാണ് ഒൗദ്യോഗിക വിശദീകരണം. പ്രവൃത്തി അവസാനിക്കുന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, റണ്‍വേ ബലപ്പെടുത്തി പൂര്‍ണമായും തുറന്ന് നല്‍കിയിട്ടും ഇത്തവണ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.