കൊടും ചൂട്; കര്‍ഷകര്‍ക്ക് കണ്ണീര്‍വിളവെടുപ്പ്

മലപ്പുറം: ജില്ലയിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കുമേല്‍ തീകോരിയെറിഞ്ഞാണ് വേനല്‍ കടന്നുപോകുന്നത്. 200ന് മുകളില്‍ കര്‍ഷകര്‍ക്കാണ് കൊടും ചൂട് തിരിച്ചടിയായത്. 1.80 കോടി രൂപയുടെ വിളനാശമാണ് ഇതുവരെ സംഭവിച്ചതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 78 ഹെക്ടര്‍ കൃഷിഭൂമി വേനലില്‍ വാടിക്കരിഞ്ഞു. വാഴ, കുരുമുളക്, നെല്ല്, തെങ്ങ്, കമുക് തുടങ്ങിയ വിളകളാണ് വലിയതോതില്‍ വേനലില്‍ വാടിക്കരിഞ്ഞത്. ഇതുകൂടാതെ ആട്, പശു, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയത്കൂടി കണക്കാക്കുമ്പോള്‍ നഷ്ടത്തിന്‍െറ കണക്ക് ഇതിനേക്കാള്‍ ഭീമമാകും. അതേസമയം, കനത്ത ചൂടില്‍ വിയര്‍ത്തൊലിക്കുന്ന ജില്ലയെ തണുപ്പിച്ച് അങ്ങിങ്ങായി ചെറിയ മഴ ലഭിച്ചത് ആശ്വാസമായി. സമീപവര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത ചൂടാണ് ജില്ലയില്‍ ഈ വര്‍ഷമുണ്ടായത്. ദാഹത്തിന് പരിഹാരമായ എല്ലാ ജലാശയങ്ങളും വറ്റിവരണ്ടതോടെ പലയിടങ്ങളും വരള്‍ച്ച രൂക്ഷമായി. വേനല്‍മഴ ഇനിയും വൈകിയാല്‍ ജലവിതരണം പൂര്‍ണമായും നിലക്കുമെന്നും തങ്ങളുടെ കൈവശം ഏതാനും ദിവസങ്ങള്‍മാത്രം വിതരണം ചെയ്യാനുള്ള ജലം മാത്രമേ ഉള്ളൂവെന്നും വാട്ടര്‍ അതോറിറ്റി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനല്‍ മഴയത്തെിയത് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മലയോര നിവാസികളുടെ പ്രതീക്ഷയേറ്റി. വറ്റിത്തുടങ്ങിയ ജലസ്രോതസ്സുകളില്‍ വെള്ളം കൂടിത്തുടങ്ങിയത് വാട്ടര്‍ അതോറിറ്റിയുടെയും സമ്മര്‍ദം കുറച്ചു. കുടിവെള്ള പ്രതിസന്ധി നേരിട്ട ജില്ലയിലെ 66 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്‍പ്പെടെ ജലവിതരണം തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടുപയോഗിച്ചാണ് ഇപ്പോള്‍ ജലവിതരണം തുടരുന്നത്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ഏറനാട്, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ജലവിതരണം നടത്തുന്നത്. അതേസമയം, ജില്ലയില്‍ ജലക്ഷാമം രൂക്ഷമായ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. ഇവിടെ വേനല്‍മഴ വേണ്ടത്ര ലഭിച്ചിട്ടില്ല. ടാങ്കറുകളിലാണ് ഇവിടങ്ങളില്‍ ജലമത്തെിക്കുന്നത്. ഇതുവരെ ജില്ലയില്‍ ലഭിച്ചത് 12 മില്ലി മീറ്റര്‍ മഴയാണ്. വരും ദിവസങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.