എടപ്പാളില്‍ ഗ്രാമീണ ന്യായാലയം സ്ഥാപിക്കുന്നു

എടപ്പാള്‍: കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കാണാന്‍ എടപ്പാളില്‍ ഗ്രാമീണ ന്യായാലയം സ്ഥാപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടപടിക്രമങ്ങള്‍ ആരംഭിക്കും. എടപ്പാള്‍ ജങ്ഷനിലെ പാലക്കാട് റോഡിലെ പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് കെട്ടിടത്തോട് ചേര്‍ന്നുള്ള പട്ടികജാതി ഓഫിസിന് മുകളിലായാണ് താല്‍ക്കാലികമായി ന്യായാലയം സ്ഥാപിക്കുക. സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന് ബ്ളോക്ക് പഞ്ചായത്ത് അധികൃതര്‍ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ച് നല്‍കാന്‍ എടപ്പാള്‍ പഞ്ചായത്ത് അധികൃതരും തയാറായിട്ടുണ്ട്. പൊന്നാനി, തിരൂര്‍ കോടതികളില്‍ കേസുകളുടെ ആധിക്യം മൂലം പരിഹാരം വര്‍ഷങ്ങളോളം നീളുന്നതിന് ശാശ്വത പരിഹാരമായാണ് ന്യായാലയം സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകള്‍, 50,000 രൂപയില്‍ താഴെയുള്ള സാമ്പത്തിക ഇടപാട് കേസുകള്‍, ചെക്കുകേസുകള്‍, ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസുകള്‍ എന്നിവയുടെ വാദം ന്യായാലയത്തില്‍ കേള്‍ക്കും. ഒരു മജിസ്ട്രേറ്റും 12 ജീവനക്കാരുമാണ് ഇവിടെയുണ്ടാവുക. കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കാണാന്‍ ഗ്രാമീണ ന്യായാലയങ്ങള്‍ ആരംഭിക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പദ്ധതി. ജില്ലാ മജിസ്ട്രേറ്റിന്‍െറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥാപനം ആരംഭിക്കാനുദ്ദേശിക്കുന്ന കെട്ടിടം പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.