റബര്‍ വിലയിലെ ഉണര്‍വ്; തോട്ടം മേഖലയില്‍ റെയിന്‍ ഗാര്‍ഡിങ് നേരത്തേ തുടങ്ങി

കാളികാവ്: റബര്‍ വിപണിയില്‍ അടുത്തിടെയുണ്ടായ നേരിയ ഉണര്‍വ് പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ രംഗത്തത്തെിയതോടെ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡിങ് പ്രവര്‍ത്തനം ഊര്‍ജിതമായി. മഴക്കാലത്തും തടസ്സമില്ലാതെ ഉല്‍പാദനം നടത്താനാണ് മരങ്ങളില്‍ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുന്നത്. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജില്ലയിലെ ഏറ്റവും വലിയ റബര്‍ പ്ളാന്‍േറഷനായ പുല്ലങ്കോട് എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം റെയിന്‍ ഗാര്‍ഡിങ് ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി റബറിന് വിലയിടിഞ്ഞ് വരികയായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടായ വ്യതിയാനങ്ങളും റബര്‍ ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയും കാരണം ഇന്ത്യയില്‍ കൂടുതല്‍ റബര്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ റബര്‍ മാര്‍ക്കറ്റിനെ അത് പ്രതികൂലമായി ബാധിച്ചിരുന്നു. നേരത്തേ 250 രൂപ വരെ കിലോഗ്രാമിന് വിലയുണ്ടായിരുന്ന റബറിന് 100 രൂപക്ക് താഴേക്ക് വിലയിടിയുന്ന സ്ഥിതിയായി. ഇതോടെ കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. വിലതകര്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് രക്ഷയായി കിലോക്ക് 150 രൂപ വരെ ലഭിക്കുന്ന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത് ഇടത്തരം, വന്‍കിട കര്‍ഷകര്‍ക്ക് കുറേയൊക്കെ ആശ്വാസമായി. അര്‍.എസ്.എസ് നാല് തരം റബറിനിപ്പോള്‍ കിലോഗ്രാമിന് 130 രൂപ വരെ വിലയുണ്ട്. ഇത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. മേയ് അവസാനത്തോടെ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ച് ജൂണ്‍ ആദ്യത്തില്‍ ടാപ്പിങ് പുനരാരംഭിക്കാനാവുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.