മഴയെ കൂസാതെ പര്യടനത്തിരക്കില്‍ സ്ഥാനാര്‍ഥികള്‍

തിരൂര്‍: തിമിര്‍ത്തുപെയ്ത വേനല്‍ മഴയെ കൂസാതെ സ്ഥാനാര്‍ഥികള്‍ പര്യടനത്തിരക്കില്‍ അലിഞ്ഞു. തിരൂര്‍, താനൂര്‍, തവനൂര്‍ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലാണ് വ്യാഴാഴ്ച വൈകീട്ട് കനത്ത മഴയുണ്ടായത്. പര്യടനം മാറ്റിവെക്കാതെയും മഴക്കനുസരിച്ച് ക്രമീകരണം വരുത്തിയും സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്ന തിരക്കില്‍ തന്നെയായിരുന്നു. തിരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി. മമ്മൂട്ടി മാങ്ങാട്ടിരി, പൂക്കൈത ഭാഗങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് മഴയത്തെിയത്. സ്വീകരണങ്ങള്‍ കട വരാന്തകളിലേക്ക് മാറ്റിയാണ് മഴയെ അതിജീവിച്ചത്. അതേസമയം, മഴയത്ത് കടകളില്‍ കയറി വോട്ട് തേടുകയും ചെയ്തു. പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ അണിയിച്ച ഷാള്‍ തലയിലണിഞ്ഞാണ് മമ്മൂട്ടി വോട്ട് അഭ്യര്‍ഥിക്കാനിറങ്ങിയത്. ഇടതുമുന്നണി സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസ് തിരൂര്‍ നഗരത്തില്‍ കടകളില്‍ കയറുന്നതിനിടെയാണ് മഴ പെയ്തത്. അതോടെ വലിയ വ്യാപാരസ്ഥാപനങ്ങളിലേക്ക് വോട്ടുപിടിത്തം മാറ്റി. മഴ പെയ്തൊഴിയുന്നത് വരെയും അത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ചെറിയ മഴയെ കൂസാതെ പിന്നീട് മറ്റ് ഭാഗങ്ങളിലും പര്യടനം നടത്തി. ബി.ജെ.പി സ്ഥാനാര്‍ഥി പര്യടനം നടത്തിയിരുന്ന തിരുനാവായ, ആതവനാട് ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായി. ഇടക്ക് രണ്ട് സ്ഥലത്തെ പര്യടനം മഴ മൂലം ഉപേക്ഷിച്ചു. ഈ സമയം മറ്റ് സ്ഥലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. മഴ തോര്‍ന്ന ശേഷം ഉപേക്ഷിച്ച സ്ഥലങ്ങളില്‍ വീണ്ടുമത്തെി വോട്ടര്‍മാരെ കണ്ടു. മഴയത്തും കടകളില്‍ കയറിയിറങ്ങി സ്ഥാനാര്‍ഥി വോട്ട് തേടുകയും ചെയ്തു. വൈകുന്നേരത്തെ മിക്ക പ്രചാരണ പ്രവര്‍ത്തനങ്ങളും മഴയത്തായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഗണേഷ് വടേരി ജന്മനാടായ പച്ചാട്ടിരിയില്‍ മഴ മൂലം കുടുങ്ങി. മുക്കാല്‍ മണിക്കൂറോളം പ്രചാരണം നിര്‍ത്തിവെച്ചു. നാട്ടുകാരനായ ചെറുപുരക്കല്‍ അപ്പുവിന്‍െറ വീട്ടിലാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും അഭയം തേടിയത്. മഴ ശമിച്ചതോടെ പ്രചാരണം പുനരാരംഭിച്ചു. താനൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍ മഴ പെയ്യുമ്പോള്‍ ചെറിയമുണ്ടത്തായിരുന്നു. ഇരിങ്ങാവൂര്‍ മേഖലയില്‍ കനത്ത മഴയത്തും സ്ഥാനാര്‍ഥിയും സംഘവും പര്യടനം പൂര്‍ത്തിയാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അഷ്റഫ് വൈലത്തൂര്‍ കുന്നുംപുറം ഭാഗത്ത് പര്യടനം നടത്തിയത് കനത്ത മഴ ഭീഷണിക്കിടെയായിരുന്നു. താനൂര്‍ ചീരാന്‍കടപ്പുറത്ത് പര്യടനം നടത്തുമ്പോഴും കാര്‍മേഘങ്ങള്‍ കറുത്തിരുണ്ടിരുന്നു. തവനൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ടി. ജലീല്‍ കൂട്ടായിയില്‍ കുടുംബ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മഴ. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പിന്നീട് മംഗലത്തെ പഞ്ചായത്തുതല റാലിയിലേക്ക്. മംഗലത്ത് എത്തിയപ്പോഴേക്കും മാനം തെളിഞ്ഞിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. ഇഫ്ത്തിക്കാറുദ്ദീന്‍ മഴ പെയ്യുമ്പോള്‍ മാണിക്കപ്പാടത്ത് കോളനിയിലായിരുന്നു. അവിടെ എല്ലാ വീടുകളിലും കയറി. പോത്തന്നൂര്‍ അമ്പലപ്പറമ്പ്, തണ്ടലം ഭാഗങ്ങളിലും മഴയെ വകവെക്കാതെ പര്യടനം പൂര്‍ത്തിയാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് പൊന്നാനി കോലൊളമ്പില്‍ കുടുംബ യോഗത്തിലായിരുന്നു. മഴ മൂലം കുടുംബയോഗം ഷെഡിലേക്ക് മാറ്റി. യോഗം തീര്‍ന്നതിനൊപ്പം മഴ ശമിച്ചതോടെ മറ്റ് പ്രചാരണ പരിപാടികളെ ബാധിച്ചില്ല. ബി.ജെ.പി സ്ഥാനാര്‍ഥി രവി തേലത്ത് തവനൂര്‍ അങ്ങാടിയില്‍ വോട്ട് തേടുന്നതിനിടെയായിരുന്നു മഴയത്തെിയത്. പ്രചാരണ പൊലിമ കുറഞ്ഞെങ്കിലും പര്യടനം മാറ്റിയില്ല. മഴ പെയ്തതോടെ കനത്ത ചൂടിന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.