പാരാടൈഫോയിഡ് ബാധ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

മലപ്പുറം: കൊണ്ടോട്ടി പഞ്ചായത്തിലെ നെടിയിരുപ്പിനടുത്ത് മണ്ണാരില്‍ വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണത്തില്‍നിന്ന് പടര്‍ന്ന പാരാടൈഫോയിഡ് രോഗബാധ ചെറുക്കുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രദേശത്തെ കിണറുകളില്‍നിന്ന് ജലം ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി കോഴിക്കോട് റീജനല്‍ഹെല്‍ത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ 11 ഏജന്‍റുമാര്‍ ഇപ്പോള്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ഇവര്‍ വിതരണം ചെയ്യുന്ന ജലം കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ക്ളോറിനേഷന്‍ നടത്തി. നെടിയിരുപ്പിനടുത്ത് മണ്ണാരില്‍ എല്‍.പി സ്കൂളില്‍ ആരോഗ്യവകുപ്പ് വെള്ളിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. പാലക്കാപറമ്പ്, കുത്തുപറമ്പ് എന്നിവിടങ്ങളിലെ അങ്കണവാടികളില്‍ മേയ് 10,12 തീയതികളില്‍ ക്യാമ്പ് നടക്കും. വെള്ളിയാഴ്ച നെടിയിരുപ്പിലെ 30 കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് ബോധവത്കരണ ക്ളാസ് നടത്തും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ടൈഫോയിഡിനേക്കാള്‍ വേഗത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്ന രോഗമാണ് പാരാടൈഫോയിഡ്. സാല്‍മോണല്ല പാരാടൈഫി-എ ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലൂടെയും വിസര്‍ജ്യ വസ്തുക്കളിലൂടെയും തൈര്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്. രോഗം പരക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ ഫാറൂഖിന്‍െറ നേതൃത്വത്തിലുള്ള സംഘം നെടിയിരുപ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.