കരുളായിയില്‍ ജൈവ തണ്ണിമത്തന്‍ കൃഷി വന്‍ വിജയം

കരുളായി: തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് കരുളായി അമ്പലപ്പടിയിലെ വരമ്പന്‍ കല്ലന്‍ ശറഫുന്നീസ. തന്‍െറ ഒരേക്കര്‍ വരുന്ന സ്ഥലത്ത് തണ്ണിമത്തനും പയറും കൃഷി ചെയ്തിരുന്നു. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്നാണ് തണ്ണിമത്തന്‍ വിത്ത് കൊണ്ടുവന്നത്. അടിവളമായി ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. കീടനാശിനികള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. ആധുനിക കൃഷി സമ്പ്രദമായ മൈക്രോ ഇറിഗേഷന്‍ വിത്ത് ഫെര്‍ട്ടിഗേഷന്‍, പ്ളാസ്റ്റിക് മള്‍ച്ചിങ് എന്നിവ ഉപയോഗിച്ചാണ് കൃഷി ചെയ്തത്. ആദ്യ വിളവെടുപ്പില്‍ രണ്ട് ടണ്‍ തണ്ണിമത്തന്‍ വിളവ് ലഭിച്ചു. അമ്പലപ്പടിയിലെ തെക്കുംപുറത്ത് നാസര്‍ എന്ന കര്‍ഷകന്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ചെയ്ത് വിജയം കണ്ടതിനു പിറകെയാണ് ശറഫുന്നീസയുടെ വിജയം. സ്വന്തം സ്ഥലത്ത് ചെയ്യുന്ന കൃഷിക്ക് സര്‍ക്കാറില്‍നിന്ന് സബ്സിഡിയൊന്നും ലഭിച്ചിട്ടില്ല. കരുളായി കൃഷി ഭവന്‍െറ സാങ്കേതിക സഹായവും കൃഷി ഓഫിസര്‍ ഡബ്ള്യു.ആര്‍. അജിത് സിങ്ങിന്‍െറ മാര്‍ഗനിര്‍ദേശങ്ങളും തണ്ണിമത്തന്‍ കൃഷിക്ക് പ്രോത്സാഹനമായി. വിളവെടുത്ത തണ്ണിമത്തന്‍ കരുളായി ക്ളസ്റ്റര്‍ മാര്‍ക്കറ്റ് വഴി വിറ്റൊഴിക്കാനാണ് തീരുമാനം. കരുളായി കൃഷി ഭവന്‍ നടത്തിവരുന്ന ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയും അവിടെ നിന്ന് ലഭ്യമായ കൃഷി പഠന ക്ളാസുകളുമാണ് ശറഫുന്നീസയെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. തുടര്‍ന്ന് വീടിനു സമീപം അടുക്കളത്തോട്ടം ഉണ്ടാക്കി കൃഷിയാരംഭിച്ചു. അതിലുണ്ടായ ആത്മവിശ്വാസമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്ക് നയിച്ചത്. ഭര്‍ത്താവായ മുഹമ്മദ് 10 വര്‍ഷത്തിലധികമായി വിദേശത്താണ് ജോലി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.