മഞ്ചേരിയില്‍ റോഡരിക് നിറഞ്ഞ് പ്ളാസ്റ്റിക് മാലിന്യം

മഞ്ചേരി: നഗരത്തിലും ഇടറോഡുകളിലും മാലിന്യം തള്ളുന്നതിനെതിരെ മഞ്ചേരി നഗരസഭ നടപടിയെടുക്കാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക. പ്രധാനമായും പ്ളാസ്റ്റിക് മാലിന്യമാണ് റോഡിന്‍െറ വശങ്ങളില്‍ തള്ളുന്നത്. മഞ്ചേരി നെല്ലിപ്പറമ്പ് ജങ്ഷന് സമീപം ആള്‍ത്തിരക്കുള്ള ഭാഗത്ത് ഒരു നിയന്ത്രണവുമില്ലാതെയാണ് മാലിന്യം തള്ളുന്നത്. കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിന് സമീപം റോഡുവക്കില്‍ കൃഷി നിര്‍ത്തിവെച്ച പാടത്തും ടൗണ്‍ഹാള്‍ റോഡില്‍ ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റിന് സമീപത്തും ചെങ്ങണ ബൈപാസിന്‍െറ ഇരുവശത്തും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. മാസങ്ങളായി ഇത് തുടരുന്നുണ്ടെങ്കിലും നഗരസഭയുടെ ആരോഗ്യവിഭാഗം പേരിനുപോലും ഇടപെടുന്നില്ല. മാലിന്യം ഉറവിടങ്ങളില്‍ സംസ്കരിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ ശുചീകരണ വിഭാഗം മാലിന്യ ശേഖരണം നിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ മഞ്ചേരിയിലെ കച്ചവട സ്ഥാപനങ്ങള്‍ കടകളടച്ചതിനു ശേഷം റോഡുവക്കിലിട്ട് പ്ളാസ്റ്റിക് മാലിന്യമടക്കം രാത്രി കത്തിക്കുകയാണ് പതിവ്. രാവിലെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളും നഗരം വൃത്തിയാക്കിയതിന് ശേഷം പ്ളാസ്റ്റിക് മാലിന്യം ഇപ്രകാരം കത്തിക്കുന്നു. മഴ തുടങ്ങുന്നതോടെ റോഡുവക്കിലെ മാലിന്യവും പ്ളാസ്റ്റിക് അവശിഷ്ടങ്ങളും അഴുക്കുവെള്ളത്തില്‍ പരന്നൊഴുകും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റകൃത്യമായി കേസെടുക്കാന്‍ വകുപ്പുണ്ടെന്നിരിക്കെ പൊലീസും നഗരസഭയും ഉദാസീനത തുടരുകയാണ്. നേരത്തേ മഞ്ചേരി നഗരത്തില്‍ ശുചീകരണ ജീവനക്കാര്‍ ഖരമാലിന്യം ശേഖരിച്ച് വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി സംസ്കരിക്കുകയായിരുന്നു പതിവ്. അവിടെ സംസ്കരണം നടക്കാത്തതിനാല്‍ മാലിന്യ ശേഖരണം നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.