വ്യാജ വായ്പകള്‍ കൈക്കലാക്കിയ സംഭവം; ധനകാര്യ സ്ഥാപനത്തിലെ ശാഖാ മാനേജര്‍ കീഴടങ്ങി

വണ്ടൂര്‍: വ്യക്തികള്‍ അറിയാതെ അവരുടെ പേരില്‍ വായ്പകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ധനകാര്യ സ്ഥാപനത്തിന്‍െറ ശാഖാ മാനേജരായിരുന്നയാള്‍ കോടതിയില്‍ കീഴടങ്ങി. എസ്.എം.എല്‍ ഫിനാന്‍സ് ലിമിറ്റഡ് വണ്ടൂര്‍ ശാഖാ മാനേജര്‍ വയനാട് മുള്ളന്‍കൊല്ലി മതിലകത്ത് യഥുറാമാണ് (40) പെരിന്തല്‍മണ്ണ കോടതിയില്‍ കീഴടങ്ങിയത്. വായ്പാ തവണസംഖ്യ തിരിമറി നടത്തിയെന്നും യഥാര്‍ഥ വ്യക്തികള്‍ അറിയാതെ അവരുടെ പേരില്‍ വായ്പ കൈക്കലാക്കിയെന്നും 18 വാഹനങ്ങള്‍ മറിച്ചുവിറ്റെന്നും കാണിച്ച് എസ്.എം.എല്‍ ഫിനാന്‍സ് ലിമിറ്റഡ് റീജനല്‍ മാനേജര്‍ പി.എ. ജോയിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍. തവണ വ്യവസ്ഥ തെറ്റിയ വാഹനങ്ങള്‍ ഉടമകളെ ഭീഷണിപ്പെടുത്തി തിരിച്ചത്തെിച്ചാണ് കമ്പനിയറിയാതെ മറിച്ചുവില്‍പന നടത്തിയിരുന്നതെന്നാണ് പരാതി. മറ്റാവശ്യങ്ങള്‍ക്കായി ഹാജരാക്കുന്ന വ്യക്തികളുടെ രേഖകള്‍ ദുരുപയോഗം ചെയ്താണ് വ്യാജ വായ്പകള്‍ പാസ്സാക്കിയിരുന്നതത്രെ. വിശ്വാസ്യത നേടാന്‍ ഒന്നോ രണ്ടോ തവണകള്‍ കൃത്യമായി അടച്ചാണ് കമ്പനിയെ കബളിപ്പിച്ചിരുന്നത്. ഒരു മാസം മുമ്പ് പരാതി നല്‍കിയതോടെ ഇയാളും, കലക്ഷന്‍ ഏജന്‍റും മുങ്ങുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് വണ്ടൂര്‍ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.